സ്വന്തം ലേഖകൻ: മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വേഗത്തില്‍ പണം അയക്കാന്‍ സഹായിക്കുന്ന ആനി ആപ്പിന് യുഎഇയില്‍ വന്‍ സ്വീകാര്യത. ഗൂഗില്‍ പേ മാതൃകയിലുളള ആപ്പിലൂടെ അധികം വൈകാതെ വ്യാപാര സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താനാകും. ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ പത്ത് സെക്കന്റിനുളളില്‍ ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് പണമിടപാട് നടത്താം. യുഎഇ സെന്‍ട്രല്‍ ബാക്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ്സ് ആണ് പുതിയ ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. പരമാവധി 50,000 ദിര്‍ഹമാണ് കൈമാറ്റം ചെയ്യാനാവുക.
ആനി പ്ലാറ്റ് ഫോം ഉപയോഗിച്ച് ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പെയ്മെന്റ് നടത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച്, എമിറേറ്റ്സ് എന്‍ബിഡി, ഫസ്റ്റ് അബുദബി ബാങ്ക് തുടങ്ങി എട്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ ആനി ആപ്പില്‍ പങ്കാളിത്തമുളളത്. ആപ്പില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട് ഉളളവര്‍ക്കാണ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ആപ്പ് വഴി പണമയക്കാനുളള നടപടിക്രമം ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആനി ആപ്പിലേക്ക് ലിങ്ക് ചെയ്ത് അക്കൗണ്ട് തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
തുടര്‍ന്ന് എമിറേറ്റ്സ് ഐഡിയും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുളള വിവരങ്ങള്‍ നല്‍കണം. ആനി പ്ലാറ്റ്ഫോമില്‍ വിജയകരമായി എന്റോള്‍ ചെയ്തതായി ബാങ്കില്‍ നിന്ന് ഇ-മെയില്‍ വഴി സ്ഥീരീകരണം ലഭിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. പിന്നീട് മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് പണം കൈമാറാനും സ്വീകരിക്കാനും കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല