സ്വന്തം ലേഖകൻ: ഞായറാഴ്ച നഗരം ഞെട്ടിയുണര്‍ന്നത് കളമശ്ശേരിയിലെ സ്‌ഫോടനവാര്‍ത്തയിലേക്കാണ്. യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് ആദ്യമെത്തിയ വിവരം. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മുതല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പ്രതിഫലനമെന്നുവരെയുള്ള അഭ്യൂഹങ്ങളിലേക്ക് കാട്ടുതീപോലെ പടര്‍ന്നുകയറി വാര്‍ത്ത.
കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് വിവിധ ആശുപത്രികളിലേക്ക് പരിക്കേറ്റവരെയുംകൊണ്ട് ആംബുലന്‍സുകള്‍ പാഞ്ഞു. അവയുടെ സൈറണ്‍ മാത്രമായി കൊച്ചിയില്‍. പതിനൊന്നുമണിയോടെ ബോംബ് സ്‌ഫോടനമെന്ന വിവരം പോലീസ് സ്ഥിരീകരിച്ചു. അതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും കൊച്ചിയിലേക്കായി.
കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മന്ത്രിമാരും ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കുതിച്ചെത്തി. അവധിയിലായവരോട് തിരിച്ചെത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. അധികസൗകര്യമൊരുക്കാനും ഉത്തരവ്. കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രി പിണറായിയെ വിളിച്ചതോടെ ഭീകരാക്രണമെന്ന സംശയം ഏതാണ്ട് ഉറപ്പിച്ച മട്ടായി. തിരുവനന്തപുരത്ത് ഡി.ജി.പി.യുടെ വാര്‍ത്താസമ്മേളനം. എന്‍.ഐ.ഐ.യും ഐ.ബി.യും അതിനകം സംഭവസ്ഥലത്ത് പരിശോധനതുടങ്ങി. മന്ത്രിമാരുടെ സംഘം ആശുപത്രിയില്‍നിന്ന് നേരെ എത്തിയത് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക്.
ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്‌സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചതെന്നും ടിഫിന്‍ കാരിയറിലായിരുന്നു ബോംബെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ കളമശ്ശേരി ഭീതിയിലും ആകുലതയിലും ചുട്ടുപഴുത്തു. ബസ് കത്തിക്കല്‍കേസുള്‍പ്പെടെയുള്ള പഴയ ഓര്‍മകള്‍ കത്തിപ്പിടിച്ചു. മരിച്ചയാളുടെ വിവരങ്ങള്‍പോലും ആരും പുറത്തുവിട്ടിരുന്നില്ല. മരിച്ചത് ഒരു സ്ത്രീയാണെന്ന് മാത്രമായിരുന്നു അറിയിപ്പ്.
അതിനിടയ്ക്കാണ് ഒരു വിവരം സംഭവസ്ഥലത്തേക്ക് എത്തിയത്. ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. ആരും അതിന് വലിയ പ്രധാന്യം നല്‍കിയില്ല. ഭീകരാക്രമണം എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍. കേരള പോലീസിന്റെ ബോംബ് സ്‌ക്വാഡുകളുടെ വാഹനങ്ങള്‍ തുടരെ അകത്തേക്ക്. പോലീസ് നായ മണം പിടിച്ച് പുറത്തേക്ക്. മൂന്നുമണിയോടെ ഡി.ജി.പി. സ്ഥലത്തെത്തി. എ.ഡി.ജി.പി.മാരായ എം.ആര്‍. അജിത്കുമാറും മനോജ് എബ്രഹാമും സംഭവസ്ഥലത്ത് തമ്പടിച്ചു.
മൂന്നരമണി കഴിഞ്ഞപ്പോള്‍ എം.ആര്‍. അജിത് കുമാര്‍ പുറത്തിറങ്ങി കൊടകരയില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി. അയാള്‍ യഹോവസാക്ഷിയുടെ പഴയ വിശ്വാസിയാണെന്നും സ്‌ഫോടനത്തിന്റെ ചില തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പരിശോധിച്ചു വരുകയാണെന്നും എ.ഡി.ജി.പി. പറഞ്ഞു. അധികം വൈകാതെ ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോ പുറത്തുവന്നു. അതില്‍ താനാണ് സ്‌ഫോടനം നടത്തിയെന്ന വെളിപ്പെടുത്തലും അതിന്റെ കാരണങ്ങളും വിശദീകരിക്കുന്നുണ്ടായിരുന്നു.
തൊട്ടുപിന്നാലെ മാര്‍ട്ടിനുമായുള്ള പോലീസ്സംഘം കളമശ്ശേരിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതോടെ ഭീകരമാക്രമണസാധ്യതയില്‍നിന്ന് വിശ്വാസിയായിരുന്ന ഒരാളുടെ പ്രതിഷേധം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ അദ്ദേഹത്തിന്റെ തമ്മനത്തിന്റെ വീട്ടില്‍ പരിശോധന. ചോദ്യംചെയ്യലിനായി പോലീസ് മേധാവികളുള്‍പ്പെടെയുള്ളവര്‍ കളമശ്ശേരി എ.ആര്‍.ക്യാമ്പിലേക്ക് നീങ്ങിയതോടെ അഭ്യൂഹങ്ങൾക്കും ഒരു പരിധിവരെ ശമനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല