സ്വന്തം ലേഖകൻ: ഇസ്രയേൽ ആക്രമണം രൂക്ഷമായ ഗാസയിൽ പട്ടിണി രൂക്ഷമായി. ഗാസയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങൾ തീർന്നതിനാൽ മിക്ക ആളുകളും പട്ടിണിയിലാണ്. ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളിൽ അതിക്രമിച്ചു കയറിയ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടുപോയി.
ഗാസ സിറ്റി, ഖാൻ യൂനിസ് തുടങ്ങിയ നഗരങ്ങളിലെ യു.എനിന്റെ സംഭരണശാലകളിൽ കയറിയ ആയിരങ്ങളാണ് ധാന്യപ്പൊടികൾ ഉൾപ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയത്. ഇസ്രയേലിന്റെ ക്രൂരമായ ഉപരോധം മൂന്നാഴ്ച പിന്നിടുന്ന സാഹചര്യത്തിൽ ഗസയിലെ ജനങ്ങളിൽ നിരാശ വളരുന്നുവെന്നും ക്രമസമാധാന നില തകരുമെന്നും യു.എൻ ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്.
ഭക്ഷ്യവസ്തുക്കൾ മാത്രമല്ല സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ സാനിറ്ററി പാഡുകൾ വരെയില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ് ഗാസക്കാർ. അതിനിടെ യു.എൻ സുരക്ഷാകൗൺസിലിന്റെ നിർണായക യോഗം ഇന്ന് ചേരും. യോഗത്തിൽ വെടിനിർത്തൽ ഉടൻവേണമെന്ന യു.എ.ഇയുടെ പ്രമേയം അവതരിപ്പിച്ചേക്കും. മുമ്പ് അവതരിപ്പിച്ച പ്രമേയങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല