1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2023

സ്വന്തം ലേഖകൻ: ചികിത്സക്കായി 40 ആഴ്ചകളിലധികം കാത്തിരിക്കേണ്ടി വരുന്ന രോഗികള്‍ക്ക് ട്രീറ്റ്മെന്റിനായി ഇംഗ്ലണ്ടില്‍ എവിടേക്കും പോകാമെന്ന് വാഗ്ദാനം നടപ്പിലാക്കാനൊരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇത് പ്രകാരം നാല് ലക്ഷം പേരെ ബന്ധപ്പെടാനും ഇവര്‍ക്ക് ചികിത്സക്കായി എത്ര ദൂരം സഞ്ചരിക്കാമെന്ന് അവരോട് ചോദിച്ചറിയുകയും ചെയ്യും. നിലവില്‍ എവിടേക്കും ചികിത്സക്ക് പോകുന്നതിനുള്ള അവകാശം രോഗികള്‍ക്കുണ്ട്.

എന്നാല്‍ ദീര്‍ഘകാലം ചികിത്സക്കായി കാത്തിരിപ്പ് പട്ടികയിലുള്ളവരോട് എവിടെ ചികിത്സക്കായി പോകാന്‍ സാധിക്കുമെന്ന് ചോദിക്കുന്നതിലൂടെ ട്രീറ്റ്മെന്റിന്റെ കാര്യത്തില്‍ നിലവിലുള്ള വൈകലില്‍ നല്ലൊരു ശതമാനം പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് എന്‍എച്ച്എസിന്റെ പ്രതീക്ഷ. ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്മെന്റുകള്‍ അടുത്ത എട്ടാഴ്ചക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ അത്തരക്കാര്‍ക്ക് മറ്റിടങ്ങളില്‍ ചികിത്സ നല്‍കാമെന്നറിയിച്ച് കൊണ്ടുള്ള ടെക്സ്റ്റ്, ഇമെയില്‍ അല്ലെങ്കില്‍ കത്തുകള്‍ അയക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

കാത്തിരിപ്പ് പട്ടികയിലുള്ള രോഗികളുടെ അഞ്ച് ശതമാനം പേരെ അഥവാ നാല് ലക്ഷത്തോളം പേരെയാണ് പുതിയ പദ്ധതിയിലൂടെ ബന്ധപ്പെടാന്‍ പോകുന്നത്. പുതിയ നീക്കമനുസരിച്ച് ചികിത്സക്കായി യാത്ര ചെയ്യാന്‍ തയ്യാറുളളവര്‍ക്ക് എന്‍എച്ച്എസ്, അല്ലെങ്കില്‍ പ്രൈവറ്റ് സെക്ടര്‍ ഹോസ്പിറ്റലിലായിരിക്കും ചികിത്സ ലഭ്യമാക്കുന്നത്. ഇത്തരത്തിലുളളവരും കുറഞ്ഞ വരുമാനക്കാരുമായവര്‍ക്ക് സാമ്പത്തിക സഹായവും ഇത്തരത്തില്‍ ചികിത്സക്കായി യാത്ര ചെയ്യുന്നതിന് അനുവദിക്കുന്നതായിരിക്കും.

എന്നാല്‍ തങ്ങളുടെ പ്രാദേശിക ഹോസ്പിറ്റലിലെ കാത്തിരിപ്പ് പട്ടികയില്‍ തന്നെ ചികിത്സക്കായി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സയേകുന്നതിനായി മറ്റ് വഴികള്‍ തേടാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും ഇതിനാല്‍ ചില ഹോസ്പിററലുകള്‍ക്ക് ഇടുപ്പ് മാറ്റി വയ്ക്കല്‍, കാല്‍മുട്ട് ശസ്ത്രക്രിയകള്‍ പോലുള്ള ചില ഓര്‍ത്തോപീഡിയാക് പ്രക്രിയകള്‍ മറ്റ് ഹോസ്പിറ്റലുകളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്.

അതിനാല്‍ തിരക്ക് കുറഞ്ഞ ഇടങ്ങളിലേക്ക് രോഗികളെ അയക്കുന്നതിലൂടെ വെയ്റ്റിംഗ് ലിസ്റ്റില്‍ കാര്യമായ വെട്ടിക്കുറവ് വരുത്താനാവുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഈ വിധത്തില്‍ രോഗികളെ മറ്റിടങ്ങളിലേക്ക് ചികിത്സക്കായി അയക്കുന്നതിലൂടെ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനാവുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.