സ്വന്തം ലേഖകൻ: കളമശേരി സ്ഫോടനക്കേസിൽ കേരള പൊലീസ് കണ്ടെത്തിയ തെളിവുകളും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്റെ ആദ്യമൊഴികളും ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. മൊബൈൽ ഫോണും ഇന്റർനെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാർട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റൽ ഫിംഗർ പ്രിന്റ് എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നുണ്ട്.
കുറ്റകൃത്യത്തിൽ മറ്റാരെയും സംശയിക്കാവുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ല. സ്ഫോടനം നടത്താൻ ഉപയോഗിച്ച സാധനസാമഗ്രികൾ ശേഖരിച്ചതിനും പണം കൊടുത്തു വാങ്ങിയതിനും ഹോട്ടലിൽ താമസിച്ചതിനുമെല്ലാം ബില്ലുകൾ വാങ്ങി സൂക്ഷിച്ചിരുന്നു.
ഓരോ നീക്കവും തീയതിയും സമയവും സഹിതം ഡിജിറ്റൽ ദൃശ്യങ്ങളായി മൊബൈലിൽ റെക്കോർഡ് ചെയ്തതും പൊലീസിനു കൈമാറി. സ്വന്തം കുറ്റകൃത്യം സ്ഥാപിക്കാൻ ഒരു പ്രതി ഇത്രയും കണിശമായി തെളിവുകൾ സ്വയം ശേഖരിച്ച് അന്വേഷണ സംഘത്തിനു കൈമാറിയ കേസ് അപൂർവമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല