1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2023

സ്വന്തം ലേഖകൻ: നാലു മാസം മുമ്പ് താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റു മരിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന് വിരാമം. കേസില്‍ അന്തിമവിധി വന്നതോടെ മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടി. രണ്ടു പേരുടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും ഒരാളുടേത് റിയാദില്‍ അടക്കാനും തീരുമാനമായി.

റിയാദ് പ്രവിശ്യയില്‍ ദിലം മേഖലയിലെ ദുബയ്യയില്‍ കൃഷി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരാണിവര്‍. തൊഴിലാളികള്‍ താമസിച്ചിരുന്ന പോര്‍ട്ടബിള്‍ കണ്ടെയ്‌നറിന് രാത്രിയില്‍ ഉറക്കത്തിനിടെ തീപിടിച്ചാണ് ദുരന്തമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശി ഫര്‍ഹാന്‍ അലി (32), ബിഹാര്‍ സ്വദേശികളായ സണ്ണി കുമാര്‍ (26), അന്‍സാരി മുംതാസ് (30) എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നിയമ പോരാട്ടം. തിരിച്ചറിയാനാവാത്ത വിധം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഫര്‍ഹാന്‍ അലിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അല്‍ഖര്‍ജില്‍ ഖബറടക്കി. ബന്ധുക്കളും സുഹൃത്തുക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ബിഹാര്‍ സ്വദേശികളായ സണ്ണി കുമാര്‍, അന്‍സാരി മുംതാസ് എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനായി കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ജീവകാരുണ്യ വിഭാഗമാണ് മുന്നിട്ടിറങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹകരിക്കാത്ത സ്‌പോണ്‍സര്‍ക്കെതിരേ റിയാദ് ഇന്ത്യന്‍ എംബസി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ തൊഴിലുടമ ഉറച്ചുനിന്നതോടെയാണ് കോടതിയെ സമീപിച്ചത്.

സ്‌പോണ്‍സറുടെ നിസ്സഹകരണമടക്കം നിരവധി നിയമക്കുരുക്കുകളില്‍ പെട്ട കേസ് രമ്യതയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ദിലം കോടതി കൈകാര്യം ചെയ്ത് കേസ് പിന്നീട് റിയാദിലെ ദീര കോടതിയിലേക്ക് മാറ്റുകയും അനുകൂല വിധി വരികയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.