സ്വന്തം ലേഖകൻ: യുഎഇയിലെ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ റാസല്‍ഖൈമ-കോഴിക്കോട് റൂട്ടില്‍ നോണ്‍സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചു. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ച് ആഴ്ചയില്‍ നേരിട്ടുള്ള മൂന്ന് ഫ്ളൈറ്റുകളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 22 മുതല്‍ സര്‍വീസ് ആരംഭിക്കും.
കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈനിന്റെ വരവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാവും.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ജി9 728 വിമാനം റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് രാത്രി 8.10ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം ജി9 729 കോഴിക്കോട് നിന്ന് രാത്രി 8.50ന് പുറപ്പെട്ട് രാത്രി 11.25ന് റാസല്‍ഖൈമയില്‍ എത്തിച്ചേരും.
റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആദില്‍ അല്‍ അലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച യാത്രാസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണിത്.
വിമാന യാത്രാ ഓപ്ഷനുകള്‍ വര്‍ധിക്കുന്നത് യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര-ടൂറിസം ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കും. രണ്ട് നഗരങ്ങള്‍ക്കുമിടയില്‍ കുറഞ്ഞ നിരക്കില്‍ പറക്കാന്‍ എയര്‍ അറേബ്യയുടെ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്ന പുതിയ സര്‍വീസിന്റെ ആരംഭത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആദില്‍ അല്‍ അലി കൂട്ടിച്ചേര്‍ത്തു.
2014 മെയ് മാസത്തില്‍ റാസല്‍ഖൈമയില്‍ നിന്നാണ് എയര്‍ അറേബ്യ പ്രവര്‍ത്തനം ആരംഭിച്ചത്. യുഎഇയിലെ ഷാര്‍ജ, അബുദാബി എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നാണ് കാരിയര്‍ പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല