സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ വീസകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് ഹോം ഓഫീസ് കണക്കുകള്‍ കാണിക്കുന്നതായി ടെലിഗ്രാഫ്. വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് അനുവദിച്ച ‘ഇന്‍-കണ്‍ട്രി’ വീസകളുടെ എണ്ണം 2023/24-ല്‍ 204,000 ആയിരുന്നത് 2028/29-ല്‍ 584,000 ആയി ഉയരുമെന്ന് ഹോം ഓഫീസ് പ്രവചനങ്ങള്‍ പറയുന്നു.
2028/29 കാലയളവില്‍ യുകെയിലേക്ക് വരുന്ന അപേക്ഷകര്‍ക്ക് അനുവദിച്ച 200,000 വിദഗ്ധ തൊഴിലാളികളുടെ വീസയുടെ മുകളിലാണിത്. 2023/24 ലെ 205,000-ത്തിന് സമാനമായ സംഖ്യ. അതായത് വിദേശ വിദഗ്ധ തൊഴിലാളികളുടെ മൊത്തത്തിലുള്ള വാര്‍ഷിക വര്‍ദ്ധനവ് 409,000 ല്‍ നിന്ന് 784,000 ആയി.
വിദേശ വിദഗ്ധ തൊഴിലാളികളുടെ ശമ്പള പരിധി നിലവിലെ നിരക്കായ 26,200 പൗണ്ടില്‍ നിന്ന് 34,500 പൗണ്ടായി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ക്കായി മന്ത്രിമാരായ സുവല്ല ബ്രോവര്‍മാനും റോബര്‍ട്ട് ജെന്റിക്കും ശ്രമിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. ഇത് കുറഞ്ഞ ശമ്പളമുള്ള ജോലികളില്‍ നിന്ന് കുടിയേറ്റക്കാരെ തടയുകയും യുകെ പൗരന്‍മാരെ പരിശീലിപ്പിക്കുന്നതിന് നിക്ഷേപം നടത്താന്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കുകയും ചെയ്യും.
നിലവില്‍ പ്രതിവര്‍ഷം 120,000 എന്ന നിലയിലുള്ള വിദേശ കെയര്‍ വര്‍ക്കേഴ്‌സിന്റെ എണ്ണം കുറയ്ക്കുന്നതും കുടിയേറ്റക്കാര്‍ക്ക് അവരുടെ കുടുംബങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള കൂടുതല്‍ നിയന്ത്രണങ്ങളും അവര്‍ പരിഗണിക്കുന്നുണ്ട്.
എല്ലാ കുടിയേറ്റക്കാരും അടയ്ക്കേണ്ട ആരോഗ്യ സര്‍ചാര്‍ജിലെ വര്‍ദ്ധനയുടെ ആഘാതം വിലയിരുത്തുന്ന ഹോം ഓഫീസ് റിപ്പോര്‍ട്ട്, വിദഗ്ധ തൊഴിലാളി വീസ എടുക്കുന്ന ‘ഇന്‍-കണ്‍ട്രി’ കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് വിശദീകരിക്കുന്നില്ല.
എന്നിരുന്നാലും, പഠനത്തിന് ശേഷം തൊഴില്‍ വീസയിലേക്ക് മാറുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ റെക്കോര്‍ഡ് എണ്ണം, വീസ പുതുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍, മറ്റ് വിദേശ പൗരന്മാര്‍ ജോലി റൂട്ടിലേക്ക് മാറുന്നത് എന്നിവയാണ് ഇതിന് കാരണമെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല