ഇപ്പോള്‍ ബ്രിട്ടണിലെ തെരുവുകളില്‍നിന്ന് പുകവലിക്കാന്‍ സാധ്യമല്ല. 2007ല്‍ പാസാക്കിയ പുതിയ നിയമപ്രകാരം തെരുവില്‍വെച്ച് പുകവലിച്ചാല്‍ ശിക്ഷ ഉറപ്പാണ്. അതുകൊണ്ടുതന്നെ ആരും തെരുവില്‍വെച്ച് സിഗരറ്റ് വലിക്കാറില്ല. വലിച്ചാല്‍ നല്ല ശിക്ഷയാണ് ലഭിക്കുന്നത്. തെരുവില്‍വെച്ച് സിഗരറ്റ് വലിച്ചാല്‍ പണികിട്ടുമെന്ന് അറിയാവുന്നതുകൊണ്ടുതന്നെ പലരും കാറിനുള്ളില്‍ വെച്ചൊക്കെയാണ് വലിക്കുന്നത്. ഇപ്പോള്‍ ഇതും വിലക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
കാറിനുള്ളിലെ പുകവലി കുട്ടികള്‍ക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തിയാണ് കാറിനുള്ളിലെ പുകവലി നിരോധിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. കുട്ടികളില്‍ കൂടിവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ ആരോഗ്യരംഗത്തെ വിദഗ്ദര്‍ കണ്ടെത്തിയത് കാറിനുള്ളിലെ പുകവലിയാണ് ഏറ്റവും വലിയ പ്രശ്നക്കാരന്‍ എന്ന് തന്നെയാണ്. കാറിനുള്ളില്‍ സിഗരറ്റിന്റെ പുക തങ്ങിനില്ക്കുകയും അത് മുഴുവന്‍ കുട്ടികള്‍ ശ്വസിക്കാന്‍ ഇടവരുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ വ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുതന്നെയാണ് കരുതപ്പെടുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് തെരുവിലെ പുകവലി നിയന്ത്രണം വാഹനങ്ങള്ക്കുള്ളിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. പുകവലിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടെങ്കിലും വാഹനങ്ങള്‍ക്കുള്ളിലേക്ക് പുകവലി നിരോധനം കൊണ്ടുവരുമോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ജനപ്രതിനിധികള്‍ ശക്തമായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല