സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവരുടെ സേവനാനന്തര ആനുകൂല്യത്തിനായി യുഎഇയില്‍ പ്രഖ്യാപിച്ച പുതിയ നിക്ഷേപ പദ്ധതി പ്രാബല്യത്തില്‍. നവംബര്‍ മുതല്‍ പദ്ധതി ആരംഭിക്കുമെന്നും ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മാനവ വിഭവശേഷി മന്ത്രാലയത്തെയോ സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റിയേയോ സമീപിക്കാമെന്നും മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അല്‍ അവാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്തിമ സര്‍വീസ് ആനുകൂല്യത്തിനായുള്ള പദ്ധതിയിലെ കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അവസരമുള്ള മറ്റൊരു ഓപ്ഷന്‍ മാത്രമാണിത്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. തസ്തിക പരിഗണിക്കാതെ എല്ലാ തൊഴിലാളികളേയും പുതിയ സ്‌കീമില്‍ ചേര്‍ക്കാവുന്നതാണ്. നിലവിലുള്ള സേവനാനന്തര ആനുകൂല്യ സ്‌കീമില്‍ ലഭിക്കുന്നതിനേക്കാള്‍ നിക്ഷേപത്തിനും സാമ്പത്തിക സുരക്ഷയ്ക്കും അവസരം നല്‍കുന്ന പദ്ധതിയാണിത്.
രണ്ടു മാസം മുമ്പാണ് യുഎഇ മന്ത്രിസഭ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതില്‍ അംഗമാവണമെന്ന് നിര്‍ബന്ധമില്ലെങ്കിലും പൊതുമേഖല, സ്വകാര്യ മേഖല വ്യത്യാസമില്ലാതെ താല്‍പര്യമുള്ളവര്‍ക്ക് ചേരാവുന്ന പദ്ധതിയാണിത്. നിലവിലെ അന്തിമ സര്‍വീസ് ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ സാമ്പത്തിക നേട്ടത്തിന് അവസരം നല്‍കുന്ന നിക്ഷേപമായി വിരമിക്കല്‍ ഫണ്ടിനെ ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കുന്നതിനാണ് പുതിയ സ്‌കീം ആവിഷ്‌കരിച്ചന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരത്തേ വിശദീകരിച്ചിരുന്നു.
ഏതൊക്കെ തൊഴിലാളികളെ സേവിങ്‌സ് സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്ന തൊഴിലുടമയ്ക്ക് തീരുമാനിക്കാം. വിവിധ തരം നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുക്കുകയും എല്ലാ മാസത്തിലും നിക്ഷേപ തുക നല്‍കുകയും വേണം. ഒരു ജീവനക്കാരന്‍ ഒരു കമ്പനിയില്‍ എത്ര കാലം ജോലി ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ പദ്ധതിയിലേക്കുള്ള നിക്ഷേപ ഫണ്ട് സ്വീകരിക്കുന്നത്. കമ്പനിയില്‍ അഞ്ച് വര്‍ഷത്തില്‍ താഴെ ജോലി ചെയ്ത ജീവനക്കാര്‍ അടിസ്ഥാന ശമ്പളത്തിന്റെ 5.83 ശതമാനവും അതിന് മുകളില്‍ സര്‍വീസുള്ളവര്‍ അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനവും അടയ്ക്കണം.
എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒന്നിലധികം ഓപ്ഷനുകള്‍ ലഭ്യമാണ്. ശരീഅത്ത് നിയമത്തിന് അനുസൃതമായ നിക്ഷേപം, റിസ്‌ക് ഇല്ലാത്ത മൂലധന ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്ന നിക്ഷേപം, താഴ്ന്ന, ഇടത്തരം, ഉയര്‍ന്ന എന്നിങ്ങനെ റിസ്‌ക് സാധ്യതകള്‍ വ്യത്യാസപ്പെട്ടിരിക്കുന്ന നിക്ഷേപം എന്നിവയാണിവ. വാര്‍ഷിക ശമ്പളത്തിന്റെ ഏകദേശം 25 ശതമാനം വരെ നല്‍കി നിക്ഷേപ വരുമാനം വര്‍ധിപ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല