1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2023

സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും യുഎഇയും കരാറിലെത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും യുഎഇ മന്ത്രി അഹ്മദ് അല്‍ ഫലാസിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും നിലവിലെ ഉഭയകക്ഷി ഇടപെടലുകള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു.

ഇരു രാജ്യങ്ങളിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പരസ്പര സാന്നിധ്യം, സംയുക്ത ഗവേഷണ പരിപാടികള്‍, കോഴ്‌സുകളുടെ രൂപകല്പന, കോണ്‍ഫറന്‍സുകള്‍, പ്രഭാഷണങ്ങള്‍, സിമ്പോസിയങ്ങള്‍, കോഴ്‌സുകള്‍, ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുക എന്നതാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) യുഎഇയില്‍ ഉടന്‍ ഓഫീസ് തുറക്കുമെന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയിലെ കൂടുതല്‍ സര്‍വകലാശാലകള്‍ സമീപഭാവിയില്‍ യുഎഇയില്‍ വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ അബുദാബി സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തേ പ്രഖ്യാപിച്ച ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ പഠനകേന്ദ്രം വരുന്ന ജനുവരിയില്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-യുഎഇ ബന്ധം വളരെ നല്ല നിലയിലാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ തന്ത്രപരമായ പങ്കാളി എന്ന നിലയിലും വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നീ മേഖലകളിലും ശക്തമായ ബന്ധമാണുള്ളതെന്നും വിശദീകരിച്ചു. ഇന്ത്യയിലെ പല പ്രമുഖ സര്‍വകലാശാലകളും ഇതിനകം യുഎഇയിലെ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു.

സമീപ ഭാവിയില്‍ കൂടുതല്‍ സര്‍വകലാശാലകള്‍ വരാം. ഇന്ത്യയിലെ പ്രമുഖ ദേശീയ വിദ്യാഭ്യാസ ബോര്‍ഡായ സിബിഎസ്ഇയുടെ നൂറിലധികം സ്‌കൂളുകള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ഇവിടെ ഒരു സിബിഎസ്ഇ ഓഫീസ് തുറക്കാന്‍ പോകുകയാണ്- ധര്‍മേന്ദ്ര പ്രധാന്‍ അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.