സ്വന്തം ലേഖകൻ: തങ്ങളുടെ സൈന്യം ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെന്ന അവകാശവാദവുമായി ഇസ്രയേല്‍. ഇസ്രയേല്‍ സൈനികർ ഗാസയെ പൂര്‍ണമായി വലയംചെയ്തുകഴിഞ്ഞെന്നും വെടിനിര്‍ത്തല്‍ വിഷയം നിലവില്‍ പരിഗണനയിലില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ബന്ദികളുടെ മോചനം മുന്‍നിര്‍ത്തി മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ നടപടികള്‍.
അതേസമയം, ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം ഇസ്രയേല്‍ സൈന്യം അറിയിച്ചതിനെക്കാള്‍ വളരെ കൂടുതലാണെന്ന് ഹമാസ് സായുധവിഭാഗം വക്താവ് അബു ഉബൈദ പറഞ്ഞു. നിങ്ങളുടെ സൈനികര്‍ കറുത്തബാഗുകളിലായി തിരിച്ചുമെന്നും അദ്ദേഹം വ്യാഴാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിന് മുന്നറിയിപ്പു നൽകി.
അതേസമയം, വടക്കന്‍ ഗാസയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റ നൂറുകണക്കിന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ റാഫ അതിര്‍ത്തിവഴി ഈജിപ്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. 21 പാലസ്തീനികളും 72 കുട്ടികളും ഉള്‍പ്പെടെ 344 വിദേശപൗരന്മാരും അതിര്‍ത്തികടന്ന് എത്തിയതായി ഈജിപ്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയ, സൈനികരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള 240 പേരെ മോചിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍ സൈന്യം. ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇവരെ തട്ടിക്കൊണ്ടുപോയത്.
അതേസമയം, ഗാസയില്‍ ഇതിനകം 3,760 കുട്ടിള് ഉള്‍പ്പെടെ 9,061 പേര് കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബാലിയയ്ക്കു നേര്‍ക്ക് ഇസ്രയേല്‍ രണ്ടുദിവസത്തിനിടെ രണ്ടുവട്ടം ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിനു പേര്‍ക്കാണ് ഇതില്‍ ജീവന് നഷ്ടപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല