സ്വന്തം ലേഖകൻ: സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) നിന്ന് റഷ്യ പിന്മാറി. ഉടമ്പടിക്കു രാജ്യം നൽകിയ അംഗീകാരം പിൻവലിക്കുന്ന ബില്ലിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു. കരാറിൽ നിന്നു പിന്മാറാൻ പാർലമെന്റിന്റെ ഇരുസഭകളും നേരത്തേ അനുമതി നൽകിയിരുന്നു.
ആഗോള സുരക്ഷയോടുള്ള അമേരിക്കയുടെ നിരുത്തരവാദപരമായ മനോഭാവം മൂലമാണ് ഉടമ്പടിയുടെ അംഗീകാരം റദ്ദാക്കുന്നതെന്നു റഷ്യ വ്യക്തമാക്കിയിരുന്നു. ആണവപരീക്ഷണങ്ങൾ ഉടൻ നടത്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണങ്ങൾ സംബന്ധിച്ച് രാജ്യാന്തര നിരീക്ഷണ സംവിധാനത്തിന് വിവരങ്ങൾ നൽകുന്നതും തുടരും.
1996 ൽ യുഎൻ പൊതുസഭ അംഗീകരിച്ചതും ൈസനിക, സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ വിസ്ഫോടനങ്ങൾ തടയുന്നതുമായ സിടിബിടി ഇനിയും പ്രാബല്യത്തിലായിട്ടില്ല. യുഎസും ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ, യുഎസ് സർക്കാർ ഔപചാരിക അംഗീകാരം നൽകിയിട്ടില്ല.
യുക്രെയ്ൻ യുദ്ധവും വാഷിങ്ടനുമായുള്ള സംഘർഷവും ആണവ മേഖലയിൽ ചൈനയുടെ വളർച്ചയുമാണു പുതിയ തീരുമാനത്തിനു റഷ്യയെ പ്രേരിപ്പിച്ചതെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല