സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് പ്രവാസി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായി ദുബായില്‍ സിബിഎസ്ഇയുടെ പ്രാദേശിക ഓഫീസ് വരുന്നു. യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇയിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വലിയ നേട്ടമാകുന്ന പ്രഖ്യാപനമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി നടത്തിയിരിക്കുന്നത്.
യുഎഇയില്‍ ഇപ്പോള്‍ 106 സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ അഡ്മിനിസ്ര്‌ടേറ്റീവ് ഓഫീസിലൂടെ സാധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്താദ്യമായി മൂന്ന് വയസ്സു മുതല്‍ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ശ്രമം തുടങ്ങിക്കഴിഞ്ഞു. സിബിഎസ്ഇ സ്‌കൂളുകളോട് ബാലവാടിക സംവിധാനത്തിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയതായും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം, തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കും മറ്റ് നടപടികള്‍ക്കും ഊന്നല്‍ നല്‍കും. നടപടികള്‍ എളുപ്പത്തിലാക്കാന്‍ വര്‍ക്കിങ് ഗ്രൂപ്പും പ്രവര്‍ത്തിക്കും. അബുദബിയില്‍ ഐഐടി ക്യാംപസ് തുറക്കാനുളള തീരുമാനം വേഗത്തിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല