1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2023

സ്വന്തം ലേഖകൻ: ഡെലിവറി റൈഡര്‍മാര്‍ക്കായി ദുബായ് നഗരത്തില്‍ 40 ഓളം എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാണ് പദ്ധതിയുമായി രംഗത്തെത്തിയത്.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കടുത്ത വെയിലില്‍ പുറത്ത് ജോലി ചെയ്യുന്നവരെ ‘കൂളായി’ ജോലിചെയ്യാന്‍ സഹായിക്കുകയാണ് ആര്‍ടിഎ. പുതിയ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുമ്പോഴും യാത്രയിലെ ഇടവേളകളിലും ഡെലിവറി റൈഡര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം.

സുഖപ്രദമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു വഴി ഡെലിവറി റൈഡര്‍മാരുടെ ജോലി കുറച്ചുകൂടി ആയാസരഹിതമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സന്തോഷം വര്‍ധിക്കാനും സസഹായിക്കും. ഇതോടൊപ്പം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും കഴിയമെന്ന് ആര്‍ടിഎ കരുതുന്നു.

ഡെലിവെറൂ, നൂണ്‍, തലാബത്ത്, മറ്റ് കമ്പനികള്‍ എന്നിവയുടെ ആയിരക്കണക്കിന് ഡെലിവറി റൈഡര്‍മാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസവും ജോലി ചെയ്യുന്നുണ്ട്. ഫുഡ് ആന്റ് ബീവറേജസ് ഉത്പന്നങ്ങളാണ് കൂടുതലായി വിതരണം ചെയ്യുന്നത്. ഡെലിവറി ചെയ്യാനുള്ള ഓര്‍ഡര്‍ ഇല്ലാത്തപ്പോള്‍ ബൈക്ക് റൈഡര്‍മാര്‍ക്ക് ശരിയായി വിശ്രമിക്കാന്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താനാവും.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ദുബായില്‍ മോട്ടോര്‍സൈക്കിള്‍ ഡെലിവറി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ എണ്ണം 2,891 ആണ്. മുന്‍വര്‍ഷമായ 2021നെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണിത്. 2023 പൂര്‍ത്തിയാവുന്നതോടെ ഡെലിവറി കമ്പനികളുടെ എണ്ണം വന്‍തോതില്‍ ഉയരും.

വരും കാലങ്ങളില്‍ ഇത്തരം ഡെലിവറി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വന്‍തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആധുനിക സൗകര്യങ്ങളും വരുംകാലത്തിന്റെ മാറ്റങ്ങളും കണ്ടറിഞ്ഞ് ഈ പാതയില്‍ എപ്പോഴും മുമ്പേ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ദുബായിയുടെ ഈ മാതൃകയും ലോകത്തെ മറ്റ് വന്‍നഗരങ്ങള്‍ പിന്തുടരുമെന്ന കാര്യം ഉറപ്പാണ്.

എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം ആര്‍ടിഎ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍ ബര്‍ഷയിലാണ് ഇവ രണ്ടും നിര്‍മിച്ചത്. ബാക്കിയുള്ളവ മൂന്ന് ഘട്ടങ്ങളിലായി നിര്‍മിക്കാനാണ് പദ്ധതി. എല്ലാ വിശ്രമകേന്ദ്രങ്ങളും 2024 ജൂലൈയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതൊക്കെ സ്ഥലങ്ങളിലാണ് വിശ്രമകേന്ദ്രങ്ങള്‍ ആവശ്യമായിട്ടുള്ളതെന്ന് കണ്ടെത്താന്‍ ആര്‍ടിഎ പഠനം നടത്തിയിരുന്നു. അല്‍ ഖൂസ്, അല്‍ കരാമ, അല്‍ സത്വ, അറേബ്യന്‍ റാഞ്ചെസ്, ഇന്റര്‍നാഷണല്‍ സിറ്റി, ബിസിനസ് ബേ, അല്‍ ജദ്ദാഫ്, മിര്‍ദിഫ് എന്നിവയിലും എമിറേറ്റിലെ മറ്റ് ജില്ലകളിലും നിരവധി വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിശ്രമകേന്ദ്രങ്ങളില്‍ ലഘുഭക്ഷണ വിതരണം, വാട്ടര്‍ കൂളര്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 10 പേര്‍ക്ക് വരെ ഒരേ സമയം ഇവിടെ ഇരിക്കാന്‍ കഴിയും. കേന്ദ്രത്തിനോട് ചേര്‍ന്ന് മോട്ടോര്‍ സൈക്കിളുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ ആഘാതം കുറയ്ക്കുന്ന വിധത്തിലും ശരിയായ ഇന്‍സുലേഷന്‍ ഉറപ്പാക്കാന്‍ പര്യാപ്തമായ വിധത്തിലുമാണ് വിശ്രമ കേന്ദ്രങ്ങളുടെ പുറംഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.