സ്വന്തം ലേഖകൻ: വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് വീസകള്‍ ലഭിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ലളിതമാക്കിയിട്ടുണ്ടെങ്കിലും വീസ നിയമങ്ങള്‍ ലംഘിക്കുന്നത് കനത്ത പിഴ ചുമത്താന്‍ കാരണമാവുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ കാലാവധി ഒരു വര്‍ഷമുണ്ടെങ്കിലും ഇങ്ങനെ പരമാവധി വര്‍ഷത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ലെന്നിരിക്കെ അതിലധികം താമസിച്ച് വന്‍തുക പിഴ നല്‍കേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവാസി കുടുംബങ്ങളടക്കം നിരവധി പേരാണ് സൗദി അറേബ്യയുടെ വിവിധ അതിര്‍ത്തി കവാടങ്ങളില്‍ കുടുങ്ങിയത്. വിവിധ വിമാനത്താവളങ്ങളിലും ബഹ്‌റൈന്‍ കോസ്‌വേയിലും വീസ കാലാവധി കഴിഞ്ഞവരെ തടഞ്ഞുവച്ചു. എക്‌സിറ്റിനായി അതിര്‍ത്തി കവാടങ്ങളില്‍ എത്തുമ്പോള്‍ ഇലക്ട്രോണിക് സിസ്റ്റത്തിലൂടെ വീസ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാനാവും. ഈ സമയത്ത് വീസ കാലാവധി പരിധിയില്‍ കൂടുതല്‍ താമസിച്ചവരില്‍ നിന്ന് പിഴ ഈടാക്കും.
കാലാവധി കഴിഞ്ഞ് അധികമായി താമസിച്ച ഓരോ ദിവസത്തിനും 100 റിയാല്‍ വീതമാണ് പിഴ നല്‍കേണ്ടത്. മള്‍ട്ടിപ്ള്‍ എന്‍ട്രിയുള്ള ഫാമിലി, വ്യക്തിഗത, ബിസിനസ് സന്ദര്‍ശന വീസകളെ പോലെ ടൂറിസ്റ്റ് വീസയുടെ കാലാവധിയും ഒരു വര്‍ഷമാണെങ്കിലും നിബന്ധനകളില്‍ വ്യത്യാസമുണ്ട്. വീസകളെല്ലാം ഓരോ 90 ദിവസത്തിലും പുതുക്കണം. മള്‍ട്ടിപ്ള്‍ എന്‍ട്രിയില്‍ രാജ്യത്ത് പ്രവേശിച്ചാല്‍ പരമാവധി 90 ദിവസമാണ് തങ്ങാനാവുക. വീണ്ടും രാജ്യംവിട്ട ശേഷം ഇതേ വീസ പുതുക്കി രാജ്യത്തെത്താം.
എന്നാല്‍ മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വീസയില്‍ പല സമയങ്ങളിലായി സൗദിക്ക് പുറത്തു പോയി വരാമെങ്കിലും ഒരു വര്‍ഷത്തില്‍ സൗദിയില്‍ തങ്ങുന്ന ആകെ ദിനങ്ങള്‍ 90 ദിവസത്തില്‍ കൂടാന്‍ പാടില്ല. ഈ നിബന്ധന തെറ്റിക്കുന്നവരാണ് വന്‍തുക പിഴയടക്കേണ്ടിവരുന്നത്. കുടുംബവുമൊത്ത് ഈ വീസയില്‍ എത്തിയവര്‍ക്ക് പിഴസംഖ്യ ഭാരിച്ച തുകയായി മാറുകയും ചെയ്യും.
ടൂറിസ്റ്റ് വീസക്കുള്ള താമസ കാലയളവ് 90 ദിവസത്തിലധികം ലഭിക്കില്ലെന്നും സന്ദര്‍ശക വീസക്കാരെ പോലെ ടൂറിസ്റ്റ് വീസയുടെ കാലാവധി പുതുക്കാന്‍ സാധിക്കില്ലെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അധികം താമസിച്ച ഓരോ ദിവസത്തിനും 100 റിയാല്‍ വീതം അതിര്‍ത്തി കവാടങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ പിഴ അടയ്്‌ക്കേണ്ടിവരും. പിഴയൊടുക്കാത്തവരുടെ യാത്ര തടയും.
90 ദിവസം കൂടുമ്പോള്‍ വീസ പുതുക്കി ഒരു വര്‍ഷം കുടുംബത്തെ കൂടെ നിര്‍ത്താമെന്ന് കരുതി ടൂറിസ്റ്റ് വീസ തരപ്പെടുത്തുന്നവരാണ് ഇത്തരത്തില്‍ കുടുങ്ങുന്നത്. 90 ദിവസം തികയുന്നതിന് മുമ്പ് ദമ്മാം കോസ്‌വേ വഴിയോ മറ്റോ പുറത്തേക്ക് പോയി വീണ്ടും രാജ്യത്ത് പ്രവേശിക്കുകയാണ് ഇവര്‍ ചെയ്തുവരുന്നത്. ഇതിന് തടസമില്ലെങ്കിലും ഒരു വര്‍ഷം ആകെ 90 ദിവസത്തില്‍ കൂടുതല്‍ ടൂറിസ്റ്റ് വീസയില്‍ കഴിയാനാവില്ലെന്ന് മനസിലാക്കാതെയാണ് പലരും വലിയ കുരുക്കില്‍ പെടുന്നത്. വീണ്ടും മൂന്ന് മാസത്തോളം സൗദിയില്‍ താമസിച്ച ശേഷം പുറത്തേക്ക് പോവുമ്പോഴാണ് പിഴ സംഖ്യ നല്‍കാത്തവര്‍ക്ക് യാത്രാവിലക്ക് നേരിടേണ്ടിവരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല