സ്വന്തം ലേഖകൻ: ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന സേവനദാതാക്കൾക്ക് (വി.എ.എസ്.പി.എസ്) മുന്നറിയിപ്പായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.യു.എ.ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണവിരുദ്ധ ബ്രാഞ്ചാണ് തിങ്കളാഴ്ച പിഴ ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
ലൈസൻസില്ലാതെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, ഉടമകൾ, സീനിയർ മാനേജർമാർ എന്നിവർ പിഴ ഉൾപ്പെടെ സിവിൽ, ക്രിമിനൽ നടപടികൾക്ക് വിധേയമായിരിക്കുമെന്ന് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നൽകുന്നനെതിരെയും പ്രവർത്തിക്കുന്ന കമ്മിറ്റി (എൻ.എ.എം.എൽ.സി.എഫ്.ടി.സി) വ്യക്തമാക്കി.
ലൈസൻസില്ലെന്നറിഞ്ഞിട്ടും വെർച്വൽ അസറ്റ് ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുന്നവർക്കെതിരെയും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവക്കെതിരെയും പുതിയ വ്യവസ്ഥ പ്രകാരം കനത്ത പിഴചുമത്താം. ക്രിപ്റ്റോ കറൻസി ഉൾപ്പെടെ വെർച്വൽ അസറ്റുകളുടെ ഇടപാടുകൾ രാജ്യവ്യാപകമായ സാഹചര്യത്തിലാണ് കൃത്യമായ നിയമവ്യവസ്ഥകൾ സംബന്ധിച്ച മാർഗനിർദേശം അധികൃതർ പുറപ്പെടുവിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ അഖണ്ഡത ഉറപ്പുവരുത്താനായി നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും എല്ലാതരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുമാണ് രാജ്യത്തിന്റെ പ്രവർത്തനമെന്ന് ബോധവത്കരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്‍ട്രൽ ബാങ്ക് ഗവർണറും എൻ.എ.എം.എൽ.സി.എഫ്.ടി.സി ചെയർമാനുമായ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
ദുബൈ ഫിനാൻഷ്യൽ സർവിസ് അതോറിറ്റി, അബൂദബി ഗ്ലോബൽ മാർക്കറ്റ്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, നീതിന്യായ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, വെർച്വൽ അസറ്റ് നിയന്ത്രണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പുസംഘങ്ങൾ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി വൈവിധ്യമാർന്നതും നൂതനവുമായ മാർഗങ്ങൾ അവലംബിക്കുന്നതായി മേൽനോട്ട സമിതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല