
സ്വന്തം ലേഖകൻ: ജി.ഡി.പി പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വളരെ പിന്നിലാണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡാണ്. ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പട്ടികയിൽ യുഎസ്, യുകെ, ഫ്രാൻസ് എന്നിവ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്. 137 രാജ്യങ്ങളുള്ള പട്ടികയിൽ 124 ലാണ് ഇന്ത്യയുടെ സ്ഥാനം. മഡഗാസ്കർ, സാംബിയ, ടാൻസാനിയ, കൊമോറോസ്, മലാവി, ബോട്സ്വാന, കോംഗോ, സിംബാബ്‌വെ, സിയറ ലിയോൺ, ലെബനൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഇന്ത്യക്ക് ശേഷം സ്ഥാനം പിടിച്ചിരിക്കുന്ന രാജ്യങ്ങൾ.
കുറ്റകൃത്യങ്ങള്‍, അക്രമം മുതലായവയുടെ നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണ് ഫിന്‍ലന്‍ഡിന്‍റെ സ്ഥാനം. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം വിദ്യാഭ്യാസം എന്നതാണ് ഇവിടത്തെ എലമെന്‍ററി സ്കൂള്‍ പഠന രീതി.
കളികളിലൂടെ പഠനം എന്ന ആശയമാണ് ഇവിടെ നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനാപരമാക്കിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം, അപ്പര്‍ സെക്കന്‍ഡറി എന്നിവ സൗജന്യമാണ്. പത്താം ക്‌ളാസ് വരെ കുട്ടികൾക്കു പരീക്ഷയില്ല എന്നതാണ് മറ്റൊരു കാര്യം.
ജനസാന്ദ്രത വളരെ കുറഞ്ഞ യൂറോപ്യന്‍ രാജ്യമാണ് ഫിന്‍ലന്‍ഡ്. ഷെങ്കന്‍ വീസയുണ്ടെങ്കില്‍ ഇവിടേക്ക് യാത്ര ചെയ്യാം. ലോകത്തെ ഏറ്റവും ശക്തമായ 5 പാസ്പോർട്ടുകളിൽ ഒന്നാണ് ഫിൻലാൻഡ് പാസ്പോർട്ട്. ലോകത്തെ 175 രാജ്യങ്ങളിൽ വീസയില്ലാതെ യാത്ര ചെയ്യാന്‍ ഫിന്‍ലന്‍ഡ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് പറ്റും. ഇങ്ങോട്ടുള്ള കുടിയേറ്റവും വീസയും അത്ര എളുപ്പമല്ല. ഫിന്നിഷ് ഭാഷ അറിയാതെ ജോലി ലഭിക്കുകയുമില്ല.
സഞ്ചാരികളെ സംബന്ധിച്ച് നോര്‍ത്തേണ്‍ ലൈറ്റ്സിന്‍റെ രാജ്യം എന്നൊരു സവിശേഷത കൂടി ഫിന്‍ലന്‍ഡിനുണ്ട്. രാത്രി ആകാശത്ത് ചുവപ്പും നീലയും പച്ചയും നിറങ്ങള്‍ മാറി മാറി തെളിയുന്ന ഈ അദ്ഭുത പ്രതിഭാസം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല