സ്വന്തം ലേഖകൻ: ചെറിയ കുട്ടികളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ ചൈല്‍ഡ് സീറ്റുകളില്‍ ഇരുത്തുന്നത് നിര്‍ബന്ധമാക്കി ദുബായ് പോലീസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്. ഇതു സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പോലീസ് ചൈല്‍ഡ് സീറ്റുകള്‍ വിതരണം ചെയ്തു.
‘കുട്ടികളുടെ ഇരിപ്പിടം: സുരക്ഷയും സമാധാനവും’ എന്ന പേരില്‍ ട്രാഫിക് പോലീസ് വ്യത്യസ്തമായ ബോധവത്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ചൈല്‍ഡ് സീറ്റില്‍ ഇരിക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കുകയോ ചെയ്യാത്ത കുട്ടികള്‍ക്ക് സാരമായ പരിക്കോ മരണമോ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൈല്‍ഡ് സീറ്റുകളുടെ പ്രാധാന്യം ഇക്കാര്യം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനാണ് കാംപയിന്‍.
കുട്ടിയെ മുന്‍സീറ്റില്‍ ഇരുത്തുകയോ പിടിച്ചുനിര്‍ത്തുകയോ ചെയ്യുന്നത് അപകടകരമാണെന്നതിനു പുറമേ നിയമവിരുദ്ധവുമാണ്. ഇത് സുരക്ഷയ്ക്കും ജീവനും ഭീഷണിയാണെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി മുന്നറിയിപ്പ് നല്‍കി.
10 വയസ്സിന് താഴെയോ 145 സെന്റി മീറ്ററിന് താഴെ ഉയരമോ ഉള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യിക്കരുത്. ഈ നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തും. വാഹനം പെട്ടെന്ന് ബ്രേക് ചെയ്യേണ്ടിവരുന്ന സാഹചര്യമോ അപകടമോ ഉണ്ടായാല്‍ കുട്ടികള്‍ മുന്നിലേക്ക് തെറിച്ചുവീഴുകയും വാഹനത്തിന്റെ മുന്‍ഭാഗത്ത് തലയിടിച്ച് ക്ഷതമേല്‍ക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും മരണത്തിന് പോലും കാരണമാവുമെന്നും രക്ഷിതാക്കളെ ക്യാംപയിനിലൂടെ ബോധവത്കരിക്കുന്നുണ്ട്.
കഴിഞ്ഞ 10 മാസത്തിനിടെ ദുബായില്‍ മാത്രം ഇത്തരത്തില്‍ അപകടത്തില്‍ പെട്ട് രണ്ട് കുട്ടികള്‍ മരിക്കുകയും 45 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. 19 കുട്ടികള്‍ക്ക് സാരമായും 25 കുട്ടികള്‍ക്ക് ചെറിയ പരിക്കുകളുമാണ് സംഭവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല