സ്വന്തം ലേഖകൻ: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇനിമുതൽ ചെക്കിങ് ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് വന്നു. ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്.
മുമ്പ് 30 കിലോ അനുവദിച്ച ചെക്കിൻ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകുന്നതിൽ വിലക്ക് ഇല്ലായിരുന്നു. അനുവദിച്ച തൂക്കം കൃത്യമായിരിക്കണം എന്നതായിരുന്നു നിയമം. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം അനുവദിച്ച ലാഗേജ് രണ്ട് ബോക്സിൽ ഒതുക്കണം. ബോക്സുകൾ കൂടുന്നുണ്ടെങ്കിൽ പ്രത്യേകം അനുമതി നേടുകയും നിശ്ചിത തുക അടക്കുകയും വേണം.
ഒമാനിൽനിന്ന് യാത്ര ചെയ്യുന്ന ആളുടെ കൈയിൽ അനുവദിച്ച തൂക്കത്തിന്റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് 8.5 റിയാൽ അധികമായി നൽകേണ്ടിവരും. ഇങ്ങനെ രണ്ടിൽ കൂടുതൽ വരുന്ന ഓരോ പെട്ടിക്കും ഇങ്ങനെ നൽകേണ്ടി വരും.
എന്നാൽ, കാബിൻ ബാഗേജ് നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. കേരള സെക്ടറിൽൽനിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ അധികം വരുന്ന പെട്ടിക്ക് 1800 രൂപയാണ് എയർപോർട്ടിൽ നൽകേണ്ടത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ രാജ്യാന്തര സർവിസിലും ഈ നിയമം ബാധകമാണെന്നും സർക്കുലറിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല