സ്വന്തം ലേഖകൻ: ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ വ്യോമാക്രമണങ്ങളിൽ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
രണ്ടാം മാസത്തിലേക്കു പ്രവേശിച്ച ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 4324 കുട്ടികൾ അടക്കം 10,569 ആയി. 26,457 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയിലെ അൽ ഷാദി അഭയാർഥിക്യാംപിനു സമീപം ഇരുപക്ഷവും തമ്മിൽ കനത്ത വെടിവയ്പ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. 32 സൈനികർ ഗാസയിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ അറിയിച്ചു. ധീരമായ ചെറുത്തുനിൽപ്പാണ് ഹമാസ് നടത്തുന്നതെന്നു പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുരങ്കങ്ങൾ സ്ഫോടനത്തിൽ തകർക്കുന്നത് അവിടെ പാർപ്പിച്ചിരിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്ക ഇസ്രയേലിൽ ഉയർന്നു. യുദ്ധത്തിനു മുൻപ് 6.5 ലക്ഷം പേരുണ്ടായിരുന്ന ഗാസ സിറ്റിയിലെ അവസാനത്തെ കടയും ചൊവ്വാഴ്ച അടച്ചു. വ്യോമാക്രമണങ്ങളിൽ പകുതിയിലേറെ വീടുകൾ തകർന്നടിഞ്ഞു.
തെക്കൻ ഗാസയിൽ ദുരിതാശ്വാസ ക്യാംപുകളിൽ 600 പേരാണ് ഒരു ടോയ്ലറ്റ് ഉപയോഗിക്കുന്നതെന്ന് യുഎൻ റിപ്പോർട്ട് ചെയ്തു. അരലക്ഷത്തിലേറെ ഗർഭിണികൾ വൈദ്യസഹായം കിട്ടാത്ത അവസ്ഥയിലാണ്. ജീവൻരക്ഷാ മരുന്നുകളുമായി പോയ 5 ട്രക്കുകൾക്കു നേരെ ഇസ്രയേലിന്റെ ബോംബാക്രമണമുണ്ടായെന്നു റെഡ് ക്രോസ് അറിയിച്ചു.
അതിനിടെ, ജറുസലം ഓൾഡ് സിറ്റിയിൽ പലസ്തീൻ ബാലന്റെ (16) കുത്തേറ്റ് ഇസ്രയേൽ ബോർഡർ പൊലീസ് ഓഫിസർ എലിഷേവ റോസ ലുബിൻ (20) കൊല്ലപ്പെട്ടു. പട്രോളിങ്ങിനിടെയാണ് ആക്രമിക്കപ്പെട്ടത്. പലസ്തീൻ ബാലനെ സേന വെടിവച്ചുകൊന്നു.
സൈനിക നടപടി കഴിഞ്ഞാലും ഗാസ വിടില്ലെന്ന ഇസ്രയേൽ നിലപാടിനോട് യുഎസ് വിയോജിച്ചു. ഹമാസിനെ തുടരാൻ അനുവദിക്കാനാവില്ലെങ്കിലും ഗാസയിൽ ഇസ്രയേൽ അധിനിവേശം സാധ്യമല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസിനെ അപലപിച്ചും ഇസ്രയേലിനെ പിന്തുണച്ചും പ്രസ്താവനയിറക്കിയ ജി 7 രാജ്യങ്ങളുടെ ടോക്കിയോ ഉച്ചകോടി വെടിനിർത്തൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല