സ്വന്തം ലേഖകൻ: യുകെയില്‍ ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ച് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. മാര്‍ക്കറ്റിംഗ് സ്വിച്ചിങ് ഇന്‍സെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ സ്വിച്ച് ഓഫര്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ നേഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയിലേയ്ക്ക് മാറ്റേണ്ടതായി വരും.
ഉപഭോക്താക്കള്‍ നേഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റിയുടെ ഫ്‌ലക്‌സ് പ്ലസ്, ഫ്‌ലക്‌സ് ഡയറക്ട്, ഫ്‌ലക്‌സ് അക്കൗണ്ട് എന്ന വിഭാഗത്തിലുള്ള അക്കൗണ്ടുകളിലേയ്ക്ക് മാറുന്നതിനുള്ള സംവിധാനമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് സ്വിച്ചിങ് ആഗ്രഹിക്കുന്നവര്‍ക്ക് 7 ദിവസത്തെ സമയപരിധിയാണ് വേണ്ടിവരുന്നത്. സ്വിച്ചിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ 10 പ്രവര്‍ത്തി ദിനങ്ങള്‍ക്ക് ഉള്ളില്‍ 200 പൗണ്ട് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം ഇതാദ്യമായി 5 ശതമാനത്തില്‍ താഴെ നിരക്കുള്ള മോര്‍ട്ട്ഗേജ് ഡീല്‍ നേഷന്‍വൈഡ് നടപ്പിലാക്കിയിരുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 4.99 ശതമാനം നിരക്കുള്ള ഒരു രണ്ട് വര്‍ഷ ഫിക്സ്ഡ് റേറ്റാണ് ബില്‍ഡിംഗ് സൊസൈറ്റി കൊണ്ടുവന്നിരിക്കുന്നത്. തകര്‍ന്ന് കൊണ്ടിരിക്കുന്ന ഗൃഹ വിപണിയില്‍ ചെറിയ ചലനം സൃഷ്ടിക്കാനെങ്കിലും ഇതുവഴി കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഡീലില്‍ നേരത്തെയുള്ള ഡീലില്‍ നിന്നും 0.25 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ്. പുതിയതായി വീട് വാങ്ങുന്നവരെ ഉന്നം വെച്ചുള്ളതാണ് ഈ ഡീല്‍. എന്നാല്‍, ഇതിന് അര്‍ഹത നേടണമെങ്കില്‍ 40 ശതമാനമോ അതിലധികമോ ഡെപ്പോസിറ്റോ അല്ലെങ്കില്‍ ഇക്വിറ്റി സ്റ്റേക്കോ ആവശ്യമാണ്. നിലവിലുള്ള മോര്‍ട്ട്ഗേജ് ഹോള്‍ഡേഴ്സിനെ ലക്ഷ്യം വെച്ചും നേഷന്‍വൈഡ് 4.99 ശതമാനം നിരക്കില്‍ ഒരു രണ്ടു വര്‍ഷ ഫിക്സ്ഡ് റേറ്റ് ഡീല്‍ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല