സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില് നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
ഇന്ത്യയെയും ജോര്‍ജിയയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അനധികൃത കുടിയേറ്റ നിയമം 2023 ന്റെ നടപ്പാക്കലിന്റെ മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെറു ബോട്ടുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി.
നവംബര്‍ 8 ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് നിയമനിര്‍മ്മാണം കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അടിസ്ഥാനരഹിതമായ സംരക്ഷണ ക്ലെയിമുകള്‍ ഉന്നയിക്കുന്ന ആളുകള്‍ ഉള്‍പ്പെടെയുള്ള ദുരുപയോഗം തടയാന്‍ സഹായിക്കുകയും ചെയ്യുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍, ജോര്‍ജിയന്‍ ചെറുബോട്ടുകളുടെ വരവ് കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് യാതൊരുതരത്തിലുള്ള പീഡനത്തിന്റെയോ വ്യക്തമായ അപകടസാധ്യത രാജ്യത്ത് അനുഭവിക്കാതെയാണ് നടക്കുന്നതെന്നും യുകെ ഹോം ഓഫീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല