1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2023

സ്വന്തം ലേഖകൻ: ലഗേജ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? നിരവധി പേർക്ക് ലഗേജ് തിരികെ ലഭിച്ചിട്ടുണ്ടെങ്കിലും തിരികെ ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്. ലഗേജ് നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ ക്ഷമയോടെ ചില കാര്യങ്ങൾ വളരെ പെട്ടെന്ന് ചെയ്യുകയാണ് വേണ്ടത്. ലഗേജ് എത്രയും വേഗത്തിൽ തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ഇതു സഹായിക്കും.

വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജ് എത്തുന്നത് ബാഗേജ് കറോസലു (വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകളുമായി കറങ്ങിയെത്തുന്ന ബെല്‍റ്റ്)കളിലാണ്. യാത്ര ചെയ്ത വിമാനത്തിന്റെ ലഗേജുകൾ ഏത് കറോസലിലാണോ എത്തുന്നത് അവിടെ നിന്നാണ് ലഗേജ് നമ്മൾ കൈപ്പറ്റേണ്ടത്.

ചില സമയങ്ങളിൽ ലഗേജുകൾ എത്താൻ കുറച്ചധികം സമയമെടുക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുകയാണ് പ്രധാനം. നിങ്ങൾ സഞ്ചരിച്ച എയർലൈനിനായി നീക്കി വച്ചിരിക്കുന്ന കറോസലിൽ നിങ്ങളുടെ ലഗേജ് എത്തിയിട്ടില്ലെങ്കിൽ മറ്റ് കറോസലുകളും കൂടി ഒന്ന് പരിശോധിക്കണം.

ലഗേജ് നഷ്ടപ്പെട്ടെന്ന് ഉറപ്പാക്കിയാൽ എത്രയും പെട്ടെന്ന് അക്കാര്യം റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. ഏത് എയർലൈനിലാണോ യാത്ര ചെയ്തത് വിമാനത്താവളത്തിന് അകത്തുള്ള അവരുടെ ഓഫീസിലാണ് പരാതി നൽകേണ്ടത്. പി ഐ ആർ അഥവാ പാസഞ്ചർ ഇറഗുലാരിറ്റി റിപ്പോർട്ട് വിമാനത്താവളത്തിലെ എയർലൈൻ ഡെസ്കിൽ ഫയൽ ചെയ്യണം.

നിങ്ങൾ ഒന്നിലധികം വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവസാനമായി ഏത് വിമാനത്തിലാണോ യാത്ര ചെയ്തത് ആ വിമാനത്തിന്റെ എയർലൈൻ ഓഫീസിലാണ് പരാതി നൽകേണ്ടത്. പരാതി ഫയൽ ചെയ്യുമ്പോൾ ലഗേജ് സംബന്ധിച്ച വിശദീകരണവും യാത്രക്കാരനെ ബന്ധപ്പെടാനുള്ള പ്രാദേശിക മേൽവിലാസവും മറ്റു വിവരങ്ങളും നൽകണം.

നിങ്ങളുടെ ക്ലയിം നമ്പറും നഷ്ടമായ ബാഗേജ് റിപ്പോർട്ടിന്റെ കോപ്പിയും അവിടെനിന്ന് കൈപ്പറ്റേണ്ടതാണ്. ക്ലയിം നമ്പർ ഉപയോഗിച്ച് നഷ്ടമായ ബാഗേജിന്റെ സ്റ്റാറ്റസ് ബന്ധപ്പെട്ട എയർലൈനിന്റെ വെബ്സൈറ്റിൽ ട്രാക്ക് ചെയ്യാൻ കഴിയും.

ലഗേജ് നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ട് ബന്ധപ്പെട്ട എയർലൈനിൽ ഫയൽ ചെയ്ത് കഴിഞ്ഞാൽ പൊതുവെ രണ്ടു ദിവസത്തിനുള്ളിൽ ലഗേജ് ഉടമസ്ഥന് ലഭിക്കാറുണ്ട്. പരാതി ഫയൽ ചെയ്തു കഴിഞ്ഞാൽ 21 ദിവസത്തിനുള്ളിൽ ലഗേജ് കണ്ടെത്തി അത് ഉടമസ്ഥൻ നൽകിയിരിക്കുന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.

എന്നാൽ, 21 ദിവസത്തിനുള്ളിൽ ലഗേജ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ ലഗേജ് നഷ്ടപ്പെട്ട വസ്തുവായി കണക്കാക്കും. ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ട വസ്തുക്കളുടെ വില കണക്കാക്കി യാത്രക്കാരൻ എയർലൈനിൽ പുതിയ പരാതി ഫയൽ ചെയ്യാം. എന്തൊക്കെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്, അതിന്റെ വില എത്ര വരും, ലഗേജ് നഷ്ടപ്പെട്ടതിനെ തുടർന്ന് വാങ്ങേണ്ടി വന്ന വസ്തുക്കളുടെ ബില്ലുകൾ എന്നിവയാണ് നഷ്ടപരിഹാരം ക്ലയിം ചെയ്യാൻ സമർപ്പിക്കേണ്ടത്.

ഇതിനൊപ്പം യാത്ര ചെയ്തതിന്റെ ടിക്കറ്റ് ഉൾപ്പെടെയുള്ള വിശദാംശങ്ങളും അവർ ആവശ്യപ്പെടുന്ന മറ്റ് രേഖകളും സമർപ്പിക്കേണ്ടതാണ്. രാജ്യാന്തര യാത്രയിൽ ലഗേജ് നഷ്ടപ്പെടുന്ന യാത്രക്കാരന്, 24 മണിക്കൂറിൽ കൂടുതൽ ലഗേജ് വൈകിയാൽ ഇടക്കാല ആശ്വാസമായി പണം നൽകുന്ന വിമാന കമ്പനികളും ഉണ്ട്.

വിമാനയാത്രയ്ക്കിടെ നമ്മൾ ഒപ്പം കൊണ്ടു പോകുന്ന ലഗേജുകൾ നഷ്ടപ്പെടുകയും അത് കണ്ടെത്താൻ കഴിയാതെ വരികയും ചെയ്താൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയണ്ടേ. പരാതി ഫയൽ ചെയ്ത് 21 ദിവസത്തിനുള്ളിൽ ലഗേജ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ലഗേജിന്റെ നഷ്ടപരിഹാരം ബന്ധപ്പെട്ട എയർലൈൻ അതോറിറ്റി നൽകും.

പക്ഷേ, നഷ്ടപ്പെട്ട ലഗേജുകൾ ഏതെങ്കിലും ഒരു എയർപോർട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത്തരത്തിൽ ഉടമസ്ഥർ എത്തി ക്ലയിം ചെയ്യാതെ ലഗേജുകൾ അനാഥമായാൽ നിശ്ചിത കാലത്തിനു ശേഷം അത് ബാഗേജ് സ്റ്റോറിലേക്ക് മാറ്റും. ഇന്ത്യയിൽ ഇത്തരത്തിൽ ഉടമസ്ഥർ എത്താത്ത വസ്തുക്കൾ ലേലം ചെയ്യുകയാണ് പതിവ്. എന്നാൽ, അമേരിക്കയിൽ ചാരിറ്റി, റീസൈക്ലിംഗ്, റീസെയിൽ എന്നിങ്ങനെ ഈ ലഗേജിലെ വസ്തുക്കളെ തരംതിരിച്ച് ഉപയോഗപ്രദമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.