സ്വന്തം ലേഖകൻ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പരിസരത്ത് ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മിൽ ഉഗ്രപോരാട്ടം. ഒട്ടേറെ ഭീകരരെ വകവരുത്തിയതായി ഇസ്രേലിസേന അറിയിച്ചു. ആശുപത്രിക്കു താഴെ ഹമാസിന്റെ ഭൂഗർഭ ആസ്ഥാനം ഉണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
ഇതിനിടെ ഇന്ധനം തീർന്നതുമൂലം അൽഷിഫ ആശുപത്രിയുടെ പ്രവർത്തനം ഇന്നലെ നിലച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖ്വിദ്ര അറിയയിച്ചു. ഇതു മൂലം ഇൻക്യുബേറ്ററിലുണ്ടായിരുന്ന ഒരു നവജാതശിശു മരിച്ചു. 45 ശിശുക്കൾ കൂടി ഇൻക്യുബേറ്ററിലുണ്ട്. 39 ശിശുക്കൾ മരണസാധ്യത നേരിടുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അൽഷിഫയിലെ പ്രധാന ഐസിയു ആക്രമിക്കപ്പെട്ടതായി ആശുപത്രിയിലെ സർജൻ മാർവാൻ അബു സാദ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.വെടിവയ്പിന്റെയും ബോംബിംഗിന്റെയും ശബ്ദം ഒരോ നിമിഷവും കേൾക്കാം. ആശുപത്രിയിലേക്കു വരാനോ പുറത്തുപോകാനോ പറ്റില്ല. ആശുപത്രിയിൽ വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇല്ല. വെന്റിലേറ്ററിലുണ്ടായിരുന്ന രണ്ടു രോഗികൾ മരിച്ചു.
ഇന്നലെ രാവിലെ ആശുപത്രിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ജനങ്ങൾക്കു നേർക്കു വെടിവയ്പുണ്ടായി. നവജാത ശിശുക്കളുടെ ഐസിയുവിലേക്കു വൈദ്യുതി നല്കുന്ന ജനറേറ്റർ പരിശോധിക്കാൻ പോയ എൻജിനിയർമാർക്കു നേർക്കും വെടിവയ്പുണ്ടായി.
വെടിയൊച്ചകൾ നിലയ്ക്കുന്നില്ലെന്ന് അൽഷിഫയിലുള്ള ഗാസാ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഡോ. യൂസഫ് അബു അൽജസീറ ചാനലിനോടു പറഞ്ഞു. ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചില കുടുംബങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽഷിഫയ്ക്കു സമീപം തീവ്രപോരാട്ടം നടക്കുന്നതായി ഇസ്രേലി സേന സ്ഥിരീകരിച്ചെങ്കിലും ആശുപത്രി ആക്രമിച്ചിട്ടില്ലെന്നു വ്യക്തമാക്കി.
വടക്കൻ ഗാസയിലെ അൽ ഖുദ്സ്, അൽ റാന്റിസി, ഇന്തോനേഷ്യൻ ആശുപത്രികൾക്കു സമീപവും വലിയ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാ ആശുപത്രികളിലും വലിയതോതിൽ ജനം അഭയം തേടിയിട്ടുണ്ട്. അൽഷിഫയ്ക്കു സമീപം മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല