1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2023

സ്വന്തം ലേഖകൻ: യുഎഇ പ്രവാസികാര്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ അധികൃകര്‍ ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിക്കുന്നു. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തൃപ്തരാണോ എന്നറിയാനാണ് സര്‍വേ നടത്തുന്നത്.

കമ്മ്യൂണിറ്റി ഹാപ്പിനെസ് സര്‍വേ-2023 എന്ന പേരിലാണ് അഭിപ്രായം തേടുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷകരമായ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉദ്യമം. ഉപഭോക്താക്കളുടെ ആവശ്യങ്ങളും വിസ നടപടികളുമായി ബന്ധപ്പെട്ട് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ നിര്‍ദേശങ്ങള്‍ സര്‍വേയിലൂടെ സ്വരൂപിക്കും.

ചോദ്യാവലിയിലൂടെ ഉപഭോക്തൃ സംതൃപ്തി വിലയിരുത്തി കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ ഇത് വഴിയൊരുക്കുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. ആളുകള്‍ക്ക് സേവന സംതൃപ്തിയുടെ നില രേഖപ്പെടുത്താനും അഭിപ്രായങ്ങള്‍ അറിയിക്കാനും ചോദ്യാവലിയില്‍ സൗകര്യമുണ്ട്. അറബിയിലും ഇംഗ്ലീഷിലും പ്രതികരണം അറിയിക്കാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ജിഡിആര്‍എഫ്എയുടെ പ്രവര്‍ത്തനം. ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകാന്‍ പുതിയ മാതൃകയിലൂടെയാണ് വകുപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് പറഞ്ഞു.

ഓണ്‍ലൈനിൽ പേരും മൊബൈല്‍ നമ്പറും നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക. പൊതുജനങ്ങള്‍ക്ക് സത്യസന്ധമായ അനുഭവങ്ങള്‍ ധൈര്യപൂര്‍വം ഓണ്‍ലൈന്‍ ലിങ്കിലൂടെ പങ്കുവെക്കാമെന്നും ജിഡിആര്‍എഫ്എ ദുബായ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.