1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2023

സ്വന്തം ലേഖകൻ: രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌് എഴുതിച്ചേർത്തിരിക്കുന്നത്

ബ്രിട്ടനിൽ ബ്രക്സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന ഡേവിഡ് കാമറൺ വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിയത്തി. 2016ൽ എംപിസ്ഥാനം വരെ രാജിവച്ച് പ്രസംഗവും പുസ്തകമെഴുത്തും ബിസിനസുമൊക്കെയായി ഒതുങ്ങിക്കഴിഞ്ഞ കാമറൺ ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിദേശകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്ത് സജീവ രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും തിരികെയെത്തുന്നത്.

2010 മുതൽ 2016 വരെയാണ് കാമറൺ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലിരുന്നത്. അതിനു മുമ്പ് അഞ്ചുവർഷം പ്രതിപക്ഷ നേതാവായും തിളങ്ങി. ടോണി ബ്ലെയറിന്റെയും ഗോർഡൻ ബ്രൗണിന്റെയും പത്തുവർഷത്തെ ലേബർ ഭരണത്തിൽനിന്നും കൺസർവേറ്റീവുകൾ (ടോറി) അധികാരത്തിൽ മടങ്ങിയെത്തിയത് ഡേവിഡ് കാമറണിന്റെ ശക്തമായ നേതൃത്വത്തിനു കീഴിലായിരുന്നു.

യുവത്വവും പ്രസംഗചാതുരിയും ജനകീയ മുഖവുമെല്ലാം കാമറണിനെ ബ്രിട്ടിഷുകാർക്ക് പ്രിയപ്പെട്ടവനാക്കി. അഞ്ചുവർഷത്തെ ഭരണശേഷം ടോറികൾക്ക് തുടർഭരണവും നേടിക്കൊടുത്ത കാമറണിന് പക്ഷേ, ബ്രക്സിറ്റിൽ അടിതെറ്റി.

ഋഷി സുനക് എടുത്ത ചില വ്യക്തിഗത തീരുമാനങ്ങളോട് താൻ വിയോജിക്കുന്നുവെങ്കിലും, പ്രധാനമന്ത്രി ശക്തനും കഴിവുള്ളവനുമായ നേതാവാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് കാമറൂൺ പറഞ്ഞു. സുവല്ല ബ്രാവർമാനെ പുറത്താക്കിയതിനെ തുടർന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജെയിംസ് ക്ലെവർലിയെ ആണ് ആഭ്യന്തര മന്ത്രി ആയി നിയമിച്ചത്. ജെയിംസ് ക്ലെവർലി ഒഴിഞ്ഞ പദവിയിലാണ് ഡേവിഡ് കാമറൂൺ വിദേശകാര്യ മന്ത്രി ആയത്.

ഋഷി സുനകിന്റെ മന്ത്രിസഭ പുനഃസംഘടന തുടരുന്നതിനിടെ രണ്ട് ജൂനിയർ മന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ദീർഘകാലം സേവനമനുഷ്ഠിച്ച സ്‌കൂൾ മന്ത്രി നിക്ക് ഗിബ് താൻ രാജിവെക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ എംപി സ്ഥാനം ഒഴിയുമെന്നും പ്രഖ്യാപിച്ചു. അതേസമയം ആരോഗ്യമന്ത്രി എന്ന സ്ഥാനം താൻ ഉപേക്ഷിച്ചതായി നീൽ ഒബ്രിയൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.