സ്വന്തം ലേഖകൻ: ഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകന്‍ സുബ്രത റോയ് (75) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12-ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബിഹാറിലെ അറാറിയയില് ജനിച്ച സുബ്രത റോയ് രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനായിരുന്നു. ഫിനാന്‍സ് റിയല്‍ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം അദ്ദേഹം സ്ഥാപിച്ചു.
താഴേത്തട്ടില്‍ നിന്ന് തുടങ്ങിയാണ് സഹാറാ ഗ്രൂപ്പിന്റെ ഉടമ സുബ്രത റോയ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വരെ സ്പോണ്സര് ചെയ്യാന്‍ പാകത്തില്‍ വളര്‍ന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറമെ ഇന്ത്യന്‍ ഹോക്കി ടീം, ഫോര്‍മുല വണ്‍ എന്നിവയുടെയും സ്പോണ്‍സറായിരുന്നു സുബ്രതോയുടെ സഹാറ.
പ്രചോദനാത്മകവും വിവാദങ്ങള്‍ നിറഞ്ഞതുമായ തന്റെ ജീവിതം അവശേഷിപ്പിച്ചുകൊണ്ടാണ് സുബ്രത റോയ് കടന്നുപോകുന്നത്. കേവലം 1500 രൂപയില്‍ നിന്ന് ജീവിതം തുടങ്ങിയ സുബ്രതോ പില്ക്കാലത്ത് ഒന്നരലക്ഷം കോടി രൂപയുടെ സാമ്രാജ്യത്തിന് ഉടമയായി. എങ്ങനെയാണ് ഇത് അദ്ദേഹം സാധ്യമാക്കിയത്? ആരിലും താല്‍പ്പര്യമുണര്‍ത്തുന്നതാണ് ആ ജീവിതകഥ.
സഹാറ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് ജന്മം നല്‍കിക്കൊണ്ട് 1978-ലാണ് അദ്ദേഹം സമ്പാദിക്കാന്‍ ആരംഭിക്കുന്നത്. 1500 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്റെ ലാഭം. പിയര്‍ലെസ് ഗ്രൂപ്പ് എന്ന അന്നത്തെ ബിസിനസ് സാമ്രാജ്യമായിരുന്നു സുബ്രതയുടെ മാതൃക.
തുടര്‍ന്നിങ്ങോട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സഹാറ ഇന്ത്യ പരിവാര്‍ വളര്‍ന്നു. ഇന്ത്യയിലെ വമ്പന്‍ ബിസിനസ് ഗ്രൂപ്പായി മാറിയ സഹാറയില്‍ 12 ലക്ഷത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ഒമ്പത് കോടി നിക്ഷേപകരും തങ്ങള്‍ക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
കൈവച്ച മേഖലകളിലെല്ലാം വിജയം കണ്ട ബിസിനസുകാരനായിരുന്നു സുബ്രത റോയ്. സാമ്പത്തികം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, വിനോദം, വ്യോമയാനം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സഹാറാ ഗ്രൂപ്പ് വെന്നിക്കൊടി പാറിച്ചു. 1992-ല്‍ ആരംഭിച്ച രാഷ്ട്രീയ സഹാറ എന്ന ഹിന്ദി ദിനപത്രവും പിന്നീട് സഹാറ വണ്‍ എന്ന ടെലിവിഷന്‍ ചാനലും ആരംഭിച്ചു. പൂനെയ്ക്ക് സമീപം ആംബിവാലി സിറ്റി എന്ന ടൗണ്‍ഷിപ്പും സഹാറ ഗ്രൂപ്പ് നിര്‍മ്മിച്ചു.
ക്രിക്കറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്ന സഹാറ ഗ്രൂപ്പിന് സ്വന്തമായി ഐ.പി.എല്‍. ടീം ഉണ്ടായിരുന്നു. വീഡിയോകോന് കമ്പനിയോട് മത്സരിച്ച് അവരെ പരാജയപ്പെടുത്തിയാണ് സഹാറ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഐ.പി.എല്‍. ടീമിനെ സ്വന്തമാക്കുന്നത്. 2010-ല്‍ ആരംഭിച്ച പൂനെ വാരിയേഴ്സ് ഇന്ത്യയായിരുന്നു സഹാറയുടെ ഐ.പി.എല്‍. ടീം. കേരളത്തിന്റെ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിനൊപ്പമാണ് പൂനെ വാരിയേഴ്സും ഐ.പി.എല്ലിലേക്ക് ചുവടുവച്ചത്.
സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൂനെ വാരിയേഴ്സിനായി കളിച്ചിരുന്നു. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയവും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയവുമായിരുന്നു ഹോം ഗ്രൗണ്ട്. മൂന്ന് വര്‍ഷത്തിനിടെ 46 മാച്ചുകളാണ് ടീം കളിച്ചത്. ഇതില്‍ 12 വിജയങ്ങള്‍ മാത്രമേ പൂനെ വാരിയേഴ്സിന് നേടാന്‍ കഴിഞ്ഞുള്ളൂ.
ഗ്രൗണ്ടിന് പുറത്തും തിരിച്ചടി നേരിട്ടതോടെയാണ് പൂനെ വാരിയേഴ്സ് ഐ.പി.എല്ലില്‍ നിന്ന് പുറത്താകുന്നത്. വരും സീസണിലേക്ക് 170 കോടി രൂപ ബാങ്ക് ഗ്യാരന്റി കൊടുക്കാന്‍ സാധിക്കാതായതോടെയാണ് പൂനെ വാരിയേഴ്സുമായുള്ള ഐ.പി.എല്‍. കരാര്‍ 2013-ല്‍ ബി.സി.സി.ഐ. അവസാനിപ്പിച്ചത്. എന്നാല്‍ ബി.സി.സി.ഐയും ഇന്ത്യ സിമന്റ്സ് ചെയര്മാന് എന്‍. ശ്രീനിവാസനുമാണ് പൂനെ വാരിയേഴ്സിന്റെ അന്ത്യത്തിന് കാരണമെന്ന് അന്ന് സുബ്രത റോയ് ആരോപിച്ചിരുന്നു.
വളര്‍ച്ച പാരമ്യത്തിലെത്തിയതോടെ വിവാദവും സഹാറയുടെ ഒപ്പമെത്തി. 2011-ലെ സഹാറ അഴിമതി രാജ്യത്തെ തന്നെ പിടിച്ച് കുലുക്കി. 24000 കോടി രൂപയുടെ ആരോപണമാണ് സുബ്രതയ്ക്കെതിരെ ഉയര്‍ന്നത്. മതിയായ അനുമതിയില്ലാതെയാണ് സഹാറ ധനസമാഹരണം നടത്തിയതെന്ന് സെബി കണ്ടെത്തി. ഇതിന്റെയെല്ലാം അനന്തരഫലമായി 2014-ല്‍ സുബ്രത റോയി അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്ന് കൊല്ലം ജയിലില്‍ കഴിഞ്ഞ അദ്ദേഹം 2017-ലാണ് ജാമ്യത്തിലിറങ്ങുന്നത്.
ഭാര്യ:സ്വപ്ന റോയ്, മക്കള്‍: സുശാന്തോ, സീമാന്തോ റോയ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല