1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2023

സ്വന്തം ലേഖകൻ: ഗാസയിലെ അൽ ശിഫ ആശുപത്രി ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ സേനയുടെ ദൗത്യം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാതാവളമുണ്ടെന്നാണ് ഇസ്രയേൽ സേനയുടെ വാദം. കുടിയൊഴിക്കപ്പെട്ട ആയിരക്കണക്കിന് ​പലസ്തീനികൾക്ക് അഭയം നൽകുന്ന ആശുപത്രിയാണ് ​ഗാസയിലെ അൽ ശിഫ.

ആശുപത്രിക്കുള്ളിലെ സെെനിക പ്രവർത്തനങ്ങൾ 12 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ​ഗാസയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ആശുപത്രിക്കുള്ളലിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും സേന ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ഇസ്രയേലിനെതിരെ അന്താരാഷട്ര വിമർശനങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്.

സൈന്യം ദിവസങ്ങളായി ആശുപത്രിയുടെ കവാടങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. രോഗികളും ജീവനക്കാരും വീടുനഷ്ടപ്പെട്ട് അഭയം തേടിയവരുമായി പതിനായിരത്തോളം പേർ ഇപ്പോഴും ഗാസസിറ്റിയിലെ വലിയ ആശുപത്രിയായ അൽ ശിഫയിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ കരുതുന്നു. അതേസമയം, ആശുപത്രിയിൽക്കയറി വലിയ അതിക്രമം കാണിക്കരുതെന്ന് യുഎസ്. പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോടു പറഞ്ഞു.

ആശുപത്രിക്കെതിരായുള്ള വ്യോമാക്രമണത്തെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് ബെെഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെെറ്റ് ഹൗസ് വക്താവ് അറിയിച്ചു. കൂടാതെ, നിരപരാധികളായ ജനങ്ങൾ അർഹമായ വെെദ്യസഹായത്തിനായി എത്തുന്ന ആശുപത്രിയിൽ ആക്രമം ഉണ്ടാകാൻ പാടില്ലാത്തതാണ്. ആശുപത്രിക്കുള്ളിലെ രോ​ഗികൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആശുപത്രിക്കെതിരായ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം യുഎസ് പ്രസിഡന്റ് ജോ ബെെഡനാണെന്ന് ഹമാസ് ആരോപിച്ചു. അൽ ശിഫ ആശുപത്രി സമുച്ചയത്തെ പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന് വാദം വെെറ്റ് ഹൗസും പെന്റ​ഗണും അംഗീകരിച്ചു. നിസ്സഹായരായ ജനങ്ങൾക്കെതിരായ ആക്രമണത്തിന് ഇക്കൂട്ടർ പച്ചക്കൊടി കാണിച്ചുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിലച്ച അൽ ശിഫ ആശുപത്രിയിൽ മരിച്ച 179 പേരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ആശുപത്രിവളപ്പിൽ വലിയ കുഴികുത്തി ഇവ ഒരുമിച്ച് അടക്കുകയായിരുന്നെന്ന് അൽ ശിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. നൂറ് ആശുപത്രി ജീവനക്കാർ ആറുമണിക്കൂറെടുത്താണ് മൃതദേഹങ്ങൾ മറവുചെയ്തത്.

വൈദ്യുതിയില്ലാത്തതിനാൽ മോർച്ചറികൾ പ്രവർത്തിക്കുന്നില്ല. അതിനാൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ നിർബന്ധിതമായെന്ന് അദ്ദേഹം പറഞ്ഞു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഗന്ധമാണ് ആശുപത്രി പരിസരത്തെന്ന് എ.എഫ്.പി.ക്കുവേണ്ടി ഗാസയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം ഗാസയിൽ ഇതുവരെ 11240 പേർ കൊല്ലപ്പെട്ടു. ഇതിൽ 4630 പേർ കുട്ടികളും 3130 പേർ സ്ത്രീകളുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.