സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചൈന പ്രസിഡന്റ് ഷി ചിൻപിങ് ഇന്നു സാൻഫ്രാൻസിസ്കോയിൽ കൂടിക്കാഴ്ച നടത്തും. ഉന്നത ഉദ്യോഗസ്ഥരുടെ വൻസംഘവുമായി യുഎസിലേക്കു പോയ ഷി, അവിടെ നടക്കുന്ന ഏഷ്യ– പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിലും യുഎസ്–ചൈന പ്രത്യേക ഉച്ചകോടിയിലും പങ്കെടുക്കും.
തയ്‌വാൻ വിഷയത്തിൽ ചൈന – യുഎസ് ബന്ധം മോശമായ സാഹചര്യത്തിൽ, ഷി – ബൈഡൻ കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്നു. ഹമാസ്–ഇസ്രയേൽ യുദ്ധവും റഷ്യ–യുക്രെയ്ൻ യുദ്ധവും ലോകസമാധാനത്തിനു ഭീഷണിയാകുന്ന മറ്റു വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. കഴിഞ്ഞ വർഷം നവംബർ 14ന് ഇന്തൊനീഷ്യയിലെ ബാലിയിൽ വച്ചാണ് ഇരുവരും ഇതിനു മുൻപ് കൂടിക്കാഴ്ച നടത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൈനയുടെ വിദേശകാര്യ സെക്രട്ടറി വാങ് യിയുമായി വിശദമായ കൂടിയാലോചനകൾക്കു ശേഷമാണ് ഇരു പ്രസിഡന്റുമാരുടെയും കൂടിക്കാഴ്ച. യുഎസുമായി നല്ല ബന്ധമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ യിങ് പറഞ്ഞു. ചൈനയുടെ താൽപര്യം സംരക്ഷിച്ച് ആരോഗ്യകരമായ മത്സരത്തിന് തയാറാണെങ്കിലും ശീതസമരത്തിനു താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല