സ്വന്തം ലേഖകൻ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ പ്രതിഷേധം തുടരുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ അനുകൂലികൾ. തിങ്കളാഴ്ച വാൻകോവറിൽ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ സർക്കാർ പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് ഖലിസ്ഥാൻ അനുകൂലികൾ തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രവർത്തനം തടയുമെന്ന പുതിയ ഭീഷണി.
ബ്രിട്ടിഷ് കൊളംബിയയിലെ അബോട്സ്ഫോഡിൽ ഖൽസ ദിവാൻ സൊസൈറ്റിയുടെ ഗുരുദ്വാരയിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ഗുരുദ്വാരയ്ക്ക് സമീപത്തായി പ്രതിഷേധക്കാർ തടിച്ചുകൂടുകയും തുടർന്ന് പൊലീസ് സംരക്ഷണത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പുറത്തെത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച ഇരുപതോളം വരുന്ന സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കോൺസൽ ഉദ്യോഗസ്ഥർ അറിയിച്ചു. സേവനം തേടി വന്നവരോട് മോശമായി പെരുമാറി. ആവശ്യത്തിനു പൊലീസ് സന്നാഹമുണ്ടായിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരം ക്യാംപുകൾ നടത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അറിയിച്ച് സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ജനറൽ കൗൺസൽ ഗുർപത്വന്ത് സിങ് പന്നുൻ രംഗത്തെത്തിയരുന്നു. ക്യാംപുകൾ നിർത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പന്നുൻ നോട്ടിസ് പുറത്തുവിട്ടിരുന്നു. 18, 19 തിയതികളിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ക്യാംപുകൾ അനുവദിക്കില്ലെന്നും പന്നുൻ അറിയിച്ചു.
അതേസമയം, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെങ്കിൽ തെളിവ് പുറത്തുവിടാൻ കാനഡ തയാറാകണമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ലണ്ടനിൽ ആവശ്യപ്പെട്ടു. അഭിമുഖത്തിൽ സംസാരിക്കവെയാണ് ജയശങ്കർ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് ജയശങ്കർ യുകെയിലെത്തിയത്. ആരോപണങ്ങൾ ഉയർത്തിയെങ്കിലും ഇതുവരെ ഒരു തെളിവും കൈമാറാൻ കാനഡ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല