സ്വന്തം ലേഖകൻ: ബ്രിട്ടനിൽനിന്നു കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. റുവാണ്ടയിലേക്കുള്ള വണ്‍വേ യാത്രയിൽ ചില കുടിയേറ്റക്കാരെ അയയ്ക്കാനുള്ള ഋഷി സുനാക് സർക്കാരിന്റെ തീരുമാനം നേരത്തെതന്നെ വിവാദമായിരുന്നു. റുവാണ്ടയിൽ കഴിഞ്ഞാൽ അവരെ സ്വന്തം രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കാമെന്നതിനാൽ അഭയം തേടുന്നവർ മോശമായ പെരുമാറ്റത്തിനു വിധേയരാകുമെന്ന് സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
ബ്രിട്ടനും റുവാണ്ടയും 2022 ഏപ്രിലിൽ ബ്രിട്ടനിലെ ചില കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനലിലൂടെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിന് കരാറിൽ ഒപ്പുവച്ചിരുന്നു. റുവാണ്ടിലെത്തിയാൽ കുടിയേറ്റക്കാരുടെ അഭയ ക്ലെയിമുകൾ പരിശോധിക്കുകയും നിയമവിധേയമെന്നു കണ്ടാൽ റുവാണ്ടയിൽ താമസിക്കാൻ അനുവദിക്കുമെന്നുമായിരുന്നു കരാർ.
റുവാണ്ട നയം ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലൂടെ കടന്നുപോകുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്നും ആളുകളെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളുടെ ബിസിനസ് മാതൃക തകർക്കുമെന്നും വ്യക്തമാക്കിയാണ് ഋഷി സുനാക്കിന്റെ സർക്കാർ കരാർ തയാറാക്കിയത്. അന്നുമുതൽ കരാർ വിമർശനവിധേയമായിരുന്നു. പ്രതിപക്ഷവും അഭയാർഥി സംഘടനകളും മനുഷ്യാവകാശ സംഘടനകളും ഈ പദ്ധതി അധാർമികവും പ്രായോഗികം അമല്ലാത്തതുമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.
പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ ഇതുവരെ ആരെയും റുവാണ്ടയിലേക്ക് അയച്ചിട്ടില്ല. ബ്രിട്ടനിൽനിന്ന് അയയ്ക്കുന്ന അഭയാർഥികളോട് മോശമായി പെരുമാറില്ലെന്ന വാഗ്ദാനങ്ങൾ പാലിക്കാൻ റുവാണ്ടയെ വിശ്വസിക്കാനാകില്ലെന്നു സുപ്രീംകോടതിയുടെ ഏകകണ്ഠമായ തീരുമാനം വായിച്ചുകൊണ്ട് സുപ്രീംകോടതി പ്രസിഡന്റ് റോബർട്ട് റീഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല