1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2023

സ്വന്തം ലേഖകൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ‘ഡീപ്‌ ഫേക്ക്’ വീഡിയോകൾ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിഷയത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഡൽഹിയിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദീപാവലി മിലൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

“ഞാൻ പാടുന്ന രീതിയിലുള്ളൊരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽപ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അത്. എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങൾ ജാഗ്രത പാലിക്കണം. ജനങ്ങൾക്ക് അവബോധം നൽകണം,” പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ്, നടി കാജോൾ തുടങ്ങിയവരുടെ അശ്ലീല ഡീപ്പ് ഫേക്ക് വീഡിയോകൾ അടുത്തിടെ പ്രചരിച്ചിരുന്നു. നടി രശ്മിക മന്ദാനയുടെ മുഖം മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ മോർഫ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ ചർച്ചകൾക്കും വഴിയൊരുക്കി.

ഒറിജിനൽ വീഡിയോയിൽ ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറ പട്ടേൽ ലിഫ്റ്റിനുള്ളിൽ കറുത്ത വർക്കൌട്ട് വേഷത്തിൽ എത്തുന്നതാണ് ഉണ്ടായിരുന്നത്. വൈറലായ വീഡിയോയിൽ പട്ടേലിന്റെ മുഖം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മന്ദാനയോട് സാമ്യമുള്ള രീതിയിൽ എഡിറ്റ് ചെയ്തിരുന്നു.

ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തിനായുള്ള വ്യാപകമായ ആഹ്വാനത്തിന് ഈ വിവാദ വീഡിയോ കാരണമായി. വീഡിയോയോട് പ്രതികരിച്ച് കൊണ്ട്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരണം നടത്തി.

“ഡീപ്പ് ഫേക്ക് വീഡിയോകൾ ഏറ്റവും പുതിയതും, കൂടുതൽ അപകടകരവും ദോഷകരവുമായ തെറ്റായ വിവരങ്ങളാണ്. ഉത്തരവാദിത്തത്തോടെ വേണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യേണ്ടത്,” രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതകളും ഡിജിറ്റൽ വഞ്ചനയുമായി ബന്ധപ്പെട്ട ഐടി നിയമങ്ങളും അദ്ദേഹം എക്സിൽ ഉദ്ധരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.