സ്വന്തം ലേഖകൻ: യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന മലയാളിയായ ഗർഭിണിയുടെ ആരോഗ്യനില അതേനിലയിൽ തുടരുന്നു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)-ലാലി ദമ്പതിമാരുടെ മകൾ മീര (30) ആണ് ഷിക്കാഗോയിലെ ആശുപത്രിയിൽ കഴിയുന്നത്.
സംഭവം നടന്ന ദിവസം അതീവ ഗുരുതരനിലയിൽ ആയിരുന്നെങ്കിലും മൂന്ന് ശസ്ത്രക്രിയകൾ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിരുന്നു. മീരയെ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവെയ്ക്കുകയായിരുന്നു. അമൽ റെജിയെ യുഎസ്പോലീസ് അറസ്റ്റുചെയ്തു.
ഭാര്യയെ വെടിവെച്ചതിന് അമൽ റെജിക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഔദ്യോഗിക പത്രക്കുറിപ്പും ഇറക്കി. ഗർഭസ്ഥശിശുവിനെ മനഃപൂർവം കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഭാര്യക്കെതിരേ കൊലപാതകശ്രമത്തിനും കേസുണ്ട്. 14 ആഴ്ച പ്രായമായ ഗർഭസ്ഥശിശുവായിരുന്നു.കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസിൽനിന്നുള്ള സഹായത്തോടെ ഡെസ് പ്ലെയിൻസ് പോലീസ് ഡിപ്പാർട്ട്മെന്റും മേജർ കേസ് അസിസ്റ്റൻസ് ടീമും നടത്തിയ അന്വേഷണത്തിന് ശേഷം അമൽ റെജി (30)ക്കെതിരേ കേസ് രജിസ്റ്റർചെയ്തതായി പത്രക്കുറിപ്പിൽ പറയുന്നു.
താനും ഭാര്യയും ഡെസ് പ്ലെയിൻസിലെ വസതിയായ എസ്. ലെസ്ലിലെയ്നിൽ സാമ്പത്തികകാര്യങ്ങളെ ചൊല്ലി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നതായി അമൽ റെജി പോലീസിനോട് പറഞ്ഞു. താനാണ് ഭാര്യയെ വെടിവെച്ചതെന്നും വാഹനത്തിനുള്ളിൽ തോക്കുണ്ടായിരുന്നെന്നും അമൽ റജി മൊഴിനൽകി. ഇവർ സഞ്ചരിച്ച കാറിന്റെ പിൻവശത്തെ ജനൽ തകർന്നു.
അതിനിടെ ലോഡുചെയ്ത ഒൻപത് എം.എം. കൈത്തോക്ക് പോലീസ് കാറിൽനിന്ന് കണ്ടെടുത്തു. ഇരുവരും ലെസ്ലി ലെയ്നിലെ വസതിയിലാണ് തർക്കം തുടങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല