സ്വന്തം ലേഖകൻ: യുകെയിൽ റോഡുകളിലെ നിയമ ലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ മിഴി തുറക്കുന്നു. അതീവ ജാഗ്രതയോടെ ഇനി വാഹനമോടിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുമെന്ന് സാരം. ചെറിയൊരു നിയമലംഘനം പോലും പകര്‍ത്താന്‍ സാധിക്കുന്ന പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ വരുന്നതോടെ റോഡിന്റെ ഇരു ഭാഗത്തേക്കും ഓവര്‍ സ്പീഡില്‍ പറക്കുന്ന വാഹനങ്ങളെ കണ്ടുപിടിക്കാനാവും. ഫ്ലാഷ് മിന്നിക്കാതെ വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറകളാണെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.
ഓവര്‍ സ്പീഡിന് പുറമെ സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള വണ്ടിയോടിക്കല്‍, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്നീ നിയമലംഘനങ്ങളെയും തല്‍സമയം പകര്‍ത്താന്‍ ഈ ക്യാമറകള്‍ക്ക് സാധിക്കുമെന്നതിനാല്‍ വണ്ടിയോടിക്കുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കുടുങ്ങുമെന്നുറപ്പാണ്. പുതിയ അള്‍ട്ര സ്പീഡ് ക്യാമറകള്‍ റോഡുകളില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
സാധാരണയായി റോഡ് സൈഡില്‍ കാണപ്പെടുന്ന ക്യാമറകളില്‍ നിന്ന് വ്യത്യസ്തമായി അനേകം ഫീച്ചറുകളുള്ള ക്യാമറകളാണിവ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മിക്ക ഡ്രൈവര്‍മാര്‍ക്കും ഈ ക്യാമറ തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. പുതിയ നീക്കത്തിന്റെ ഭാഗമായി മാഞ്ചസ്റ്ററില്‍ ഇത്തരം നൂറിലധികം ക്യാമറകളാണ് റോഡരുകുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ജര്‍മന്‍ നിര്‍മാതാക്കളായ ജെനൊറഅറിക് ട്രാഫിക് സൊല്യൂഷന്‍സാണ് സ്പോട്ട് ക്യാമറ സാങ്കേതിക വിദ്യയുളള വെക്ടര്‍- എസ് ആര്‍ എന്ന പേരിലുളള ഈ പുതിയ ക്യാമറകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
മോട്ടോര്‍വേകളുടെ ഓരങ്ങളിലോ അല്ലെങ്കില്‍ ഓവര്‍ഹെഡ് ഗാന്‍ട്രികളിലോ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്പെക്സ് ആവറേജ് സ്പീഡ് ക്യാമറകള്‍ തയ്യാറാക്കി ഏറെ ശ്രദ്ധ നേടിയ കമ്പനിയാണിത്. ഡ്രൈവ് ചെയ്യുമ്പോള്‍ നാഷണല്‍ സ്പീഡ് ലിമിറ്റ് മറി കടക്കുന്നുണ്ടോയെന്ന് കണ്ടുപിടിക്കുന്ന ക്യാമറകളാണിവ. പക്ഷേ ഈ കമ്പനിയുടെ അള്‍ട്രാ ക്യാമറ എന്നറിയപ്പെടുന്ന പുതിയ ക്യാമറകള്‍ തീര്‍ത്തും വ്യത്യസ്തവും കാര്യക്ഷമവുമായാണ് പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല