1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2023

സ്വന്തം ലേഖകൻ: ഉയരുന്ന കുടിയേറ്റത്തിന് മേല്‍ നിയന്ത്രണം കൊണ്ടുവരാനായി, വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ മിനിമം സാലറി 30,000 പൗണ്ടായി വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ നീക്കം സ്ഥിരീകരിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ ആവശ്യമുള്ള ശമ്പള പരിധി 30,000 പൗണ്ടായാണ് ഉയര്‍ത്തുന്നത്.

അതോടൊപ്പം വിദേശ എന്‍എച്ച്എസ്, കെയര്‍ ജോലിക്കാരുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള ഞെട്ടിക്കുന്ന വസ്തുത കൂടി പുറത്തുവന്നിട്ടുണ്ട്. റെക്കോര്‍ഡ് നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള വഴികളുടെ ഭാഗമായി വിദേശ എന്‍എച്ച്എസ്, കെയര്‍ ജോലിക്കാര്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ചില നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന.

ഈ മാസം അവസാനത്തോടെ പുതിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവരും. ടോറി പ്രകടനപത്രികയില്‍ കുടിയേറ്റം കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഇത് 2019 നിലയേക്കാള്‍ മുകളിലേക്ക് വളര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുമെന്നാണ് കരുതുന്നത്. ഐടിവിയില്‍ സംസാരിക്കവെയാണ് നിയമപരമായ കുടിയേറ്റത്തിന് മേലും നടപടികള്‍ വരുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സൂചന നല്‍കിയത്.

നിയമപരമായ കുടിയേറ്റവും ഉയര്‍ന്ന നിലയിലാണെന്ന് റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു. ബ്രക്‌സിറ്റിന് ശേഷം മൈഗ്രേഷന്‍ നിയന്ത്രിക്കാന്‍ അധികാരം ലഭിച്ചെങ്കിലും ഇത് ശരിയായ രീതിയില്‍ വിനിയോഗിച്ചിട്ടില്ല. കുടിയേറ്റം സാമ്പത്തിക മേഖലയ്ക്ക് അനിവാര്യമാണെന്ന വാദങ്ങളെ ജെന്റിക്ക് തള്ളിക്കളഞ്ഞു. നിലവില്‍ യുകെയിലേക്ക് കുടിയേറാന്‍ മിനിമം ശമ്പളം 26,200 ആണ്. ഇത് 40,000 പൗണ്ടിലേക്ക് ഉയര്‍ത്താനാണ് മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ ഒരുങ്ങിയിരുന്നത്.

പാര്‍ട്ടിയിലെ വിമതരെ തൃപ്‍തിപ്പെടുത്താനും ജനവികാരം അനുകൂലമാക്കാനും ആണ് ടോറി സര്‍ക്കാര്‍ കുടിയേറ്റ നിയന്ത്രണം ഗൗരവമായി എടുക്കാനുള്ള കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.