1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2023

സ്വന്തം ലേഖകൻ: നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മഞ്ചേശ്വരം പൈവളിഗയില്‍ എത്തി. നവകേരള സദസ്സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യു മന്ത്രി കെ. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നവകേരള സദസ്സിലേക്ക് സഞ്ചരിക്കാന്‍ വേണ്ടി പ്രത്യേകമായി നിര്‍മിച്ച ബസിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട് ഗസ്റ്റ് ഹൗസില്‍നിന്ന് പൈവളിഗയില്‍ എത്തിയത്. ബസിനെച്ചൊല്ലി ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബസില്‍നിന്നുള്ള വീഡിയോകള്‍ മന്ത്രിമാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വേദിയിലെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് സ്വീകരിച്ചത്.

മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ജെ. ചിഞ്ചുറാണി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, ജി.ആര്‍. അനില്‍, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദിയും പറയും. ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.

നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും.

സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്‍മാര്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളിലെ സദസുകളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സംവിധാനമുണ്ടാവും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മുതല്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങും. മുഴുവന്‍ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

പരാതികള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. ലഭിക്കുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ പരാതികള്‍ക്കും കൈപ്പറ്റ് രസീത് നല്‍കും. പരാതി തീര്‍പ്പാകുന്ന മുറയ്ക്ക് തപാലില്‍ അറിയിക്കുകയും ചെയ്യും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.inല്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.