സ്വന്തം ലേഖകൻ: തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാത്തവർക്ക് യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കനത്ത പിഴ ചുമത്തിത്തുടങ്ങി. പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഒക്ടോബർ ഒന്നിന് അവസാനിച്ച സാഹചര്യത്തിലാണ് നിയമലംഘകരെ കണ്ടെത്തി മന്ത്രാലയം പിഴ ചുമത്തുന്നത്. 400 ദിർഹമാണ് പിഴ.
യുഎഇയിലുടനീളം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തെങ്കിലും മൂന്നു മാസത്തിൽ കൂടുതൽ പ്രീമിയം തുക അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കിൽ പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്നും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
പിഴത്തുക തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നോ ഗ്രാറ്റ്വിറ്റിയിൽനിന്നോ കുറക്കാനാണ് തീരുമാനം. മന്ത്രാലയ ആപ്, വെബ്സൈറ്റ് എന്നിവ വഴിയും ബിസിനസ് സർവിസ് സെന്ററുകൾ വഴിയും പിഴ ബാധ്യത ഉണ്ടോ എന്ന് തൊഴിലാളികൾക്ക് പരിശോധിക്കാം. പിഴത്തുക ഗഡുക്കളായി അടക്കാനുള്ള സൗകര്യവും തിരഞ്ഞെടുക്കാം. പിഴ ലഭിച്ചവർ നൽകുന്ന അപ്പീലിൽ 15 പ്രവൃത്തി ദിവസത്തിനകം തീരുമാനം അറിയിക്കും. ഈ വർഷം ജനുവരി ഒന്നിനാണ് പദ്ധതി പ്രഖ്യാപിച്ചത്.
നവംബർ 15 വരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 66 ലക്ഷം കവിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ജോലി നഷ്ടപ്പെട്ടാൽ മൂന്നുമാസം വരെ ഇൻഷുറൻസ് ലഭിക്കുന്നതാണ് പദ്ധതി.
ഒക്ടോബർ ഒന്നിന് വർക്ക് പെർമിറ്റ് ലഭിച്ച ജീവനക്കാർക്ക് പദ്ധതിയിൽ അംഗമാകാൻ നാലു മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. നിക്ഷേപകർ, താൽക്കാലിക ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ചവർ, വിരമിച്ച ശേഷം പെൻഷൻ വാങ്ങുകയും മറ്റൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തവർ എന്നിവർക്ക് പദ്ധതിയിൽ ഇളവുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല