സ്വന്തം ലേഖകൻ: താൽക്കാലിക വെടിനിർത്തൽ സംബന്ധിച്ച് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായിട്ടില്ലെന്നു വൈറ്റ് ഹൗസ്. ഇരു കൂട്ടരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുന്നതിനായി യുഎസ് പരിശ്രമിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് അഡ്രിയൻ വാട്സൺ പറഞ്ഞു. അമ്പതിൽ അധികം ബന്ദികളെ കൈമാറ്റം ചെയ്യാമെന്ന ധാരണയിൽ അഞ്ചുദിവസത്തെ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ കരാറിൽ ഏർപ്പെട്ടെന്ന് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇതു നിഷേധിച്ച വൈറ്റ് ഹൗസ്, ഇതുവരെയും രണ്ടു കൂട്ടരും തമ്മിൽ ഒരു ധാരണയും ഉണ്ടായിട്ടില്ലെന്നും അതിനായി പരിശ്രമിക്കുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കി. അഞ്ചുദിവസത്തേക്ക് ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തുമെന്നും എല്ലാ 24 മണിക്കൂറിലും 50ൽ അധികം ബന്ദികളെ ഓരോ ബാച്ചുകളായി മോചിപ്പിക്കുമെന്നാണ് വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്.
എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ചു ഹമാസുമായി കരാറിലേർപ്പെട്ടിട്ടില്ലെന്ന് ഇസ്രയേലും വ്യക്തമാക്കി. ഹമാസുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും എല്ലാ ബന്ദികളെയും തങ്ങൾക്കു തിരികെ വേണമെന്നും അതിനായി ശ്രമിക്കുകയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. യുദ്ധം ഏഴാം ആഴ്ചയിലേക്കു കടക്കവേ അയ്യായിരം കുട്ടികൾ അടക്കം മരണ സംഖ്യ 12,300 ആയെന്നാണു ഗാസയിലെ ഹമാസ് ഭരണകൂടം വെളിപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല