സ്വന്തം ലേഖകൻ: പലസ്തീന് സായുധ സംഘടനയായ ഹമാസ്, ഗാസയിലെ അല്‍ ശിഫ ആശുപത്രിയിൽ ബന്ദികളാക്കിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളാണ് ഇവരെന്നാണ് ഐ.ഡി.എഫ്. (ഇസ്രയേല്‍ പ്രതിരോധ സേന) ആരോപിക്കുന്നത്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന എക്സില്‍ പങ്കുവെച്ചു.
ഒരാളെ കൂട്ടം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലൊന്ന്. ബലാത്കാരമായി പിടിച്ചുകൊണ്ടുപോകുന്നവരില്‍ ചിലരുടെ കൈകളില്‍ ആയുധങ്ങളുണ്ട്. പരിക്കേറ്റയാളെ സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് മറ്റൊരു ദൃശ്യം. നേപ്പാള്‍, തായ്ലാന്ഡ് സ്വദേശികളാണ് ഇവരെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇപ്പോള്‍ ഇവര്‍ എവിടെയുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും ഇസ്രയേല്‍ അറിയിച്ചു.
ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1,200 പേരെ വധിക്കുകയും 240-ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ഒക്ടോബര്‍ ഏഴിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അല്‍ ശിഫ ആശുപത്രിയെ ഹമാസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന വാദത്തിന് ശക്തി പകരുന്ന തെളിവുകളാണിതെന്ന് ഇസ്രയേല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല