1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2023

സ്വന്തം ലേഖകൻ: ഖത്തർ-ബഹ്‌റൈൻ കോസ് വേ (ക്യുബിസി) പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും. പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലെയും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂട്ടും.

ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്‌റൈന്റെ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാത ബഹ്‌റൈനെയും സൗദിയേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വെയിലേക്കുള്ള സ്വാഭാവിക വിപുലീകരണമാണ്. നിലവിൽ സൗദിയുമായുള്ള കര അതിർത്തി വഴി ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രാസമയം 5 മണിക്കൂർ ആണ്. ഇതാണ് പാലം വരുന്നതോടെ 30 മിനിറ്റായി കുറയുന്നത്.

ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് മാത്രമല്ല സൗദിയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുമുള്ള യാത്രയും കൂടുതൽ എളുപ്പമാകും. ഇരു രാജ്യങ്ങളിലെയും കച്ചവട, ടൂറിസം മേഖലകൾക്കും കൂടുതൽ നേട്ടമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഫിക്‌സഡ് കോസ് വെയായി ക്യൂബിസി മാറും.

കഴിഞ്ഞ ദിവസം മനാമയിൽ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശി സൽമാൻ രാജകുമാരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യുബിസി നിർമാണം തുടങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ദോഹ ∙ 40 കിലോമീറ്റർ നീളുന്ന കോസ് വേയിൽ ഇരട്ട രണ്ടു വരി ഹൈവേ, ഒരു റെയിൽ പ്ലാറ്റ്‌ഫോം, 2 ദിശകളിലുമായുള്ള എമർജൻസി ലൈനുകൾ എന്നിവ ഉൾപ്പെടെ 4 പാതകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

ഇരു രാജ്യങ്ങളിലെയും അതിർത്തി സംവിധാനങ്ങൾക്ക് പുറമെ ഗതാഗതം നിയന്ത്രിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഇ– പേയ്‌മെന്റ് സംവിധാനം, സൂപ്പർവൈസറി കൺട്രോൾ, ഡേറ്റ അക്വസിഷൻ സിസ്റ്റം, ഗതാഗത നിരീക്ഷണ-സർവെയിലൻസ് സംവിധാനം എന്നിവ പദ്ധതിയിലുണ്ട്. മണിക്കൂറിൽ 4,000-5000 കാറുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. ഭാവിയിൽ ചരക്ക്, അതിവേഗ പാസഞ്ചർ റെയിൽ ലൈനുകൾ ലക്ഷ്യമിട്ടാണ് റെയിൽ പ്ലാറ്റ്‌ഫോം ഉൾപ്പെടുത്തിയത്.

തുർക്കിയിലെ ഇസ്തംബുള്ളിൽ നിന്ന് മസ്‌ക്കത്തിലെ ഒമാനുമായി ബന്ധിപ്പിക്കുന്നതിന് റെയിൽ പാതകൾ നീട്ടാനും മിഡിൽ ഈസ്റ്റ് ഗൾഫ് കോസ്റ്റ് രാജ്യങ്ങളുടെ പ്രധാന റെയിൽ ലിങ്കായി മാറുകയും ചെയ്യും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി അടുത്തിടെയാണ് ജിസിസി പ്രത്യേക റെയിൽ അതോറിറ്റി രൂപീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.