1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2023

സ്വന്തം ലേഖകൻ: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവും ശക്തമായ കാറ്റും ഹീത്രൂ വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. നേരത്തെ അറിയിക്കാതെയുള്ള ജീവനക്കാരുടെ അസാന്നിദ്ധ്യം എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസി (നാറ്റ്സ്) നെ നിര്‍ബന്ധിതമാക്കുകയായിരുന്നു. മോശം കാലാവസ്ഥയും തിരിച്ചടിയായി.

പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും ഹീത്രൂവിലേക്കുള്ള വിമാനം മൂന്ന് മണിക്കൂര്‍ വൈകിയാണ് യാത്ര തിരിച്ചത്. യാത്രക്കാര്‍ വിമാനത്തില്‍ കയറി കഴിഞ്ഞാണ് അറിയിപ്പ് ലഭിച്ചത് എന്നതിനാല്‍, ഈ സമയം മുഴുവന്‍ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ തന്നെ കഴിയേണ്ടതായി വന്നു. മറ്റു ചില വിമാനങ്ങള്‍, ഒരു മണിക്കൂറില്‍ അധികം നേരം വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ട് പറന്നതിനു ശേഷമായിരുന്നു ഇറങ്ങാനുള്ള അനുമതി ലഭിച്ചത്.

ബ്രിട്ടീഷ് എയര്‍വേയ്സ് അവരുടെ ഹ്രസ്വദൂര സര്‍വ്വീസുകളുടെ സമയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. അത് പറ്റാത്തവര്‍ക്ക് ഫുള്‍ റീഫണ്ടും നല്‍കി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ, പെട്ടെന്ന് മാത്രം അറിയിച്ച് ജീവനക്കാര്‍ ജോലിക്കെത്താതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് നാറ്റ്സ് വക്താവ് അറിയിച്ചു. അതോടൊപ്പം ഹീത്രുവില്‍ വീശിയടിച്ച ശക്തമായ കാറ്റും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

കാറ്റാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ഹീത്രൂ വിമാനത്താവള അധികൃതര്‍ പറയുന്നു. വിമാനത്താവളാധികൃതര്‍, നാറ്റ്സ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും, നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു എന്നും വക്താവ് അറിയിച്ചു.

നിയന്ത്രണങ്ങളുടെ ഫലമായി, തങ്ങളുടെ ഹ്രസ്വദൂര സര്‍വ്വീസുകളുടെ സമയത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായി എന്ന് ബ്രിട്ടീഷ് എയര്‍വേസ് സ്ഥിരീകരിച്ചു. ഇത് പ്രതികൂലമായി ബാധിച്ച യാത്രക്കാരുമായി ബന്ധപ്പെട്ട് റീബുക്കിംഗ് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും അത് ആവശ്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും മടക്കി നല്‍കുമെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.