സ്വന്തം ലേഖകൻ: യുകെ മലയാളികളുടെ ജീവനെടുക്കുന്ന കൊലയാളികളിൽ മുന്നിൽ അർബുദവും വാഹനാപകടങ്ങളും എന്ന് കണക്കുകൾ. യുകെയിലേക്ക് മലയാളികളുടെ കുടിയേറ്റം കാര്യമായി തുടങ്ങിയ എൺപതുകൾ മുതൽ ഈ രണ്ടുവില്ലന്മാരും അകാലത്തിൽ ജീവനെടുത്ത് കൂടെയുണ്ട്. കഴിഞ്ഞ ഒരുദശകമായി അപകടങ്ങളിലൂടെ മരണപ്പെടുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അർബുദ മരണങ്ങൾ തുടരുന്നുവെന്ന് മാത്രമല്ല, മരണപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായി വർധിക്കുകയും ചെയ്തു!
ഓരോ രണ്ടുമിനിറ്റിലും യുകെയിൽ ഒരുവ്യക്തി വീതം കാൻസർ രോഗബാധിതനെന്ന് തിരിച്ചറിയുന്നതായി കാൻസർ റിസർച്ച് ഇംഗ്ലണ്ട് പറയുന്നു. നിലവിലെ ബ്രിട്ടീഷ് ജനസംഖ്യയുടെ 63% ഏതെങ്കിലും രീതിയിലുള്ള കാൻസർ ബാധയുളളവരോ ചികിത്സയിലൂടെ കാൻസർ മാറിയവരോ ആണ്.
പഴയകാല വില്ലന്മാരായ രക്താർബുദവും ട്യൂമറുകളും സ്തനാർബുദവും ലിവർ സിറോസിസും എല്ലാം കരുത്തോടെ തന്നെ ഇപ്പോഴും നിലനിൽക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ ഓരോ അവയവത്തിനും കാൻസറുകൾ വ്യാപകമായി പിടിപെടുന്ന രീതിയിലേക്ക് ആധുനിക ജീവിതശൈലി മാറിയിരിക്കുന്നു.
യുകെ മലയാളികളെ സംബന്ധിച്ച് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന നഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവരിലാണ് കാൻസർ രോഗം കൂടുതലായി കണ്ടുവരുന്നത്. ഇത് ഒരുപരിധിവരെ അവരുടെ തൊഴിലിടം സമ്മാനിക്കുന്നതാണ് എന്നതാണ് ദുഃഖകരമായ ഒരു യാഥാർഥ്യം.
കാൻസർ വരുവാനുള്ള പൊതുവായ കാരണങ്ങളായ പുകവലി, മദ്യപാനം, ഭക്ഷണരീതി, അമിതവണ്ണം, അൾട്രാവയലെറ്റ് സൂര്യരശ്മികൾ എന്നിവയ്ക്കു പുറമെ അതിശൈത്യ കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും മരണനിരക്ക് കൂട്ടുന്ന ഘടകങ്ങളാണ്. യുകെയിലെ അതിശൈത്യ കാലാവസ്ഥയോട് പെട്ടെന്ന് പൊരുത്തപ്പെടാൻ മലയാളികളുടെ ശാരീരികാവസ്ഥയ്ക്ക് കഴിയാറില്ല.
പ്രത്യേകിച്ച് മറ്റുരീതിയിലുള്ള എന്തെങ്കിലും അസുഖങ്ങൾ ഉള്ളവർക്ക്. അല്ലെങ്കിൽ ശരീരത്തിനും മനസ്സിനും ശരിയായ വിശ്രമവും പരിചരണവും നൽകാൻ കഴിയാത്തവർക്ക്. ഇതുമൂലമുള്ള ശരീരകോശങ്ങളുടെ അപചയം പെട്ടെന്നുള്ള കാൻസർ വ്യാപനത്തിന് കാരണമാകുന്നതായി മെഡിക്കൽ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജോലിസ്ഥലത്തെ അരക്ഷിതത്വമാണ് മറ്റൊരു വില്ലൻ. ആരോഗ്യ മേഖല ജീവനക്കാരായ മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ഉയർത്തുന്നതാണ് ജോലിസ്ഥലത്തെ സുരക്ഷിതത്വക്കുറവ്. പ്രത്യേകിച്ച് നഴ്സുമാരും ഹെൽത്ത് കെയറർമാരും അടക്കമുള്ള സ്റ്റാഫുകൾ എക്സ്റേയും സ്കാനിങ്ങും റേഡിയോഗ്രാഫിയും ലബോറട്ടറികളും പോലുള്ള കാൻസർ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ തുടർച്ചയായി ജോലിചെയ്യുമ്പോൾ.
മതിയായ സുരക്ഷാക്രമീകരണങ്ങൾ ലഭ്യമായില്ലെങ്കിൽ ഇത്തരം സ്ഥലങ്ങളിൽ തുടർച്ചയായി ജോലിചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാൻസർ വരാനുളള സാധ്യത കൂടുതലാണ്. ഒട്ടുമിക്ക കാൻസറുകളും പകരില്ലെങ്കിലും സ്കിൻ കാൻസർ പോലെ പകരുന്ന കാൻസറുകളും നിരവധിയുണ്ട്. മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ ഇത്തരം രോഗികളുമായി ഇടപെടുന്നവരിലും സാധ്യത കൂടുന്നു.
ചോറും കറിയും അല്ലെങ്കിൽ കഞ്ഞിയും കപ്പയും കഴിച്ചുശീലിച്ച മലയാളികൾ യുകെയിലെത്തുമ്പോൾ പൊടുന്നനെ ഫാസ്റ്റ് ഫുഡ് ഭക്ഷണരീതിയിലേക്ക് മാറ്റപ്പെടുന്നതും വെല്ലുവിളിയാണ്. മാംസവിഭവങ്ങൾക്കൊപ്പം തണുപ്പകറ്റാൻ മദ്യവും പതിവാകുമ്പോൾ വരുന്ന ശാരീരികമാറ്റം ദോഷകരമാണ്. ഭക്ഷണശീലങ്ങൾ മാറുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാനും വഴിവയ്ക്കും.
മാനസിക സമ്മർദ്ദമാണ് മലയാളികൾ നേരിടുന്ന വലിയൊരു പ്രശ്നം. ജോലിയിലെ സമ്മർദ്ദവും കുടുംബ പ്രശ്നങ്ങളും സാമൂഹിക സാമ്പത്തിക വെല്ലുവിളികളും എല്ലാംകൂടിയാകുമ്പോൾ പലരുടെയും ജീവിതതാളം തെറ്റുന്നു. വിശ്രമമില്ലാത്ത ജോലിയും സ്ട്രെസ്സും വ്യായാമക്കുറവും കാരണം പലർക്കും ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല