1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2023

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിപണിപ്രവേശത്തിന് അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ ടെസ്‌ലയ്ക്ക് വഴിതുറക്കുന്നു. തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതിചെയ്യാനും ഉടന്‍ ധാരണയിലെത്തുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.

2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം വൈദ്യുതവാഹനങ്ങള്‍ ഇറക്കുമതിചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

രണ്ടുവര്‍ഷത്തിനകം ഇവിടെ ഉത്പാദനം തുടങ്ങണമെന്ന വ്യവസ്ഥയോടെയാകുമിത്. ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാമെങ്കില്‍ വിദേശ വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്. നേരത്തേ ഇറക്കുമതിത്തീരുവയില്‍ ഇളവു നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

2024 ജനുവരിയോടെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭ്യമാകുമെന്ന് എതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ടെസ്‌ല പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും സൂചനകളുണ്ടായിരുന്നു.

2021-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ടെസ്‌ല ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍, ഇത് കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍, 2023 ഓഗസ്റ്റില്‍ പ്രദേശികമായി പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ ടെസ്‌ലയെ അറിയിച്ചിരുന്നു.

ടെസ്‌ലയുടെ വരവിനായി ഇന്ത്യയുടെ വാഹന വിപണി കാത്തിരിക്കുകയാണെന്നാണ് എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. എന്നാല്‍, ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും നിതിന്‍ ഗഡ്കരി ടെസ്‌ലയ്ക്ക് ഉറപ്പുനല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.