1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2023

സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാന സര്‍വീസായ സലാം എയര്‍ ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂര്‍ എന്നീ നഗരങ്ങളിലേക്ക് ഡിസംബര്‍ അഞ്ചു മുതല്‍ മസ്‌കറ്റില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറയിച്ചു.

ടിക്കറ്റ് ബുക്കിങ് നടപടികള്‍ ഉടന്‍ ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന സലാം എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ റൂട്ടുകളില്‍നിന്ന് സലാം എയര്‍ പൂര്‍ണമായി പിന്‍വാങ്ങിയിരുന്നത്.

ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സലാം എയറിന് മസ്‌കറ്റില്‍ നിന്ന് മറ്റ് ഗള്‍ഫ് സെക്ടറുകളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുള്ളതിനാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പുനരാരംഭിക്കുന്ന സര്‍വീസുകള്‍ ഉപകാരപ്രദമാവും. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ സലാം എയറിന്റെ മസ്‌കറ്റ് സര്‍വീസ് കണക്ഷന്‍ ഫൈ്‌ളറ്റായി ഉപയോഗപ്പെടുത്താനാവും.

ഉംറ തീര്‍ത്ഥാടകര്‍ക്കും സലാം എയര്‍ സര്‍വീസുകള്‍ ഉപകാരപ്രദമാവും. സലാം എയറിന് മസ്‌കറ്റില്‍ നിന്ന് ജിദ്ദയ്ക്ക് പുറമേ സൗദിയിലെ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും കണക്ഷനുകളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സലാം എയറിന്റെ ചില സര്‍വീസുകള്‍ മസ്‌കറ്റില്‍ നിന്ന് ഒമാനിലെ സലാലയിലേക്കും യുഎഇയിലേക്കും ബന്ധിപ്പിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പോലെ തന്നെ കുറഞ്ഞ ചെവലില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്താമെന്നതാണ് സലാം എയറിന്റെയും പ്രത്യേകത.

കൊവിഡ് കാലത്ത് നിര്‍ത്തിവച്ച പല സെക്ടറുകളിലേക്കും വിമാന കമ്പനികള്‍ സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നുണ്ട്. യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്‌സ് ജനുവരി ഒന്നുമുതല്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുഎഇയുടെ തന്നെ എയര്‍ അറേബ്യയും ഇന്ത്യയിലേക്കുള്ള സര്‍വീസുകളെല്ലാം പുനരാരംഭിച്ചിട്ടുണ്ട്.

പുതുവല്‍സര ദിനം, ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബര്‍, ജനുവരി മാസങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്. അവധിദിനങ്ങള്‍ അടുക്കുന്നതോടെ നിരക്കുകള്‍ ഇനിയും ഉയരും. തിരക്കുള്ള സീസണ്‍ കഴിയുന്നതുവരെ ടിക്കറ്റ് നിരക്കുകള്‍ കുറയാനിടയില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.