സ്വന്തം ലേഖകൻ: വനിതകളുടെ പിരിയഡ് പാന്റികൾ അടക്കമുള്ളവയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ചാൻസലർ ജെറെമി ഹണ്ട് നടത്തിയ ഓട്ടം സ്റ്റേറ്റ്മെന്റിലെ തലോടലിനു ശേഷം യുകെയിലെ സാധാരണക്കാർക്ക് സർക്കാരിൻറെ ഇരുട്ടടി. ജനുവരി മുതൽ, വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്തുതന്നെ സാധാരണ ഉപഭോക്താക്കളിൽ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തിക്കൊണ്ട് ഗാർഹിക ഗ്യാസ്, വൈദ്യുതി നിരക്കുകൾ കുത്തനെ കൂടും..
ഇതോടെ സാധാരണ വാർഷിക ഗാർഹിക ബിൽ £1,834 ൽ നിന്ന് £1,928 ആയി ഉയരും, ഇത് ഒരു സാധാരണ കുടുംബത്തിന്റെ വാർഷിക എനർജി ബില്ലിൽ £94 അല്ലെങ്കിൽ 5% വർദ്ധനവ് വരുത്തും. ബില്ലുകളുടെ വർദ്ധനവ് പലർക്കും ബുദ്ധിമുട്ടാകുമെങ്കിലും വിതരണക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന ഉയർന്ന മൊത്തവിലയുടെ ഫലമാണിതെന്ന് എനർജി വില നിയന്ത്രകരായ ഓഫ്ജെം പറഞ്ഞു,
അതുപോലെ മഞ്ഞുകാലത്തെ പീക്ക് സമയം കഴിഞ്ഞാൽ മാർച്ചിൽ വില വീണ്ടും കുറയുമെന്ന് നിരീക്ഷകർ പ്രവചിക്കുന്നു. ജനുവരി മുതൽ ഗ്യാസിന്റെ വില ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 7p ആയിരിക്കും, വൈദ്യുതി kWh-ന് 29p ആയിരിക്കും. പ്രീപേയ്മെന്റ് മീറ്ററിലുള്ള കുടുംബങ്ങൾക്ക് അവരുടെ സാധാരണ വാർഷിക ബിൽ £1,960 ആയി ഉയരും
ഓരോ മൂന്നുമാസത്തിലും പണമായോ ചെക്കായായോ ബില്ലുകൾ അടയ്ക്കുന്നവർക്ക് ഒരു സാധാരണ വാർഷിക ബിൽ £ 2,058 നേരിടേണ്ടിവരും. സ്റ്റാൻഡിംഗ് ചാർജുകൾ – വിതരണവുമായി ബന്ധിപ്പിക്കുന്നതിനുള്ള ചെലവ് ഉൾക്കൊള്ളുന്ന ഒരു നിശ്ചിത പ്രതിദിന ചാർജ് – വൈദ്യുതിക്ക് പ്രതിദിനം 53 പൈസയും ഗ്യാസിന് 30 പൈസയും എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരും
ഉപഭോക്താക്കൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ചാർജുകൾ വ്യത്യാസപ്പെടും, എന്നാൽ ഗാർഹിക ബില്ലിന്റെ വർദ്ധനവിന് അവർ ഉപയോഗിക്കുന്ന എനർജി അളവ് കണക്കാക്കില്ല. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചാർജ് ഇരട്ടിയായി. പ്രിപേയ്മെന്റ് മീറ്റർ ഉപഭോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ബില്ലുകളിലെ അന്തരം റദ്ദാക്കാൻ ഡയറക്ട് ഡെബിറ്റ് ഉപഭോക്താക്കളുടെ ചാർജുകൾ പ്രതിവർഷം £20 ഉയർത്തണമോ എന്ന് റെഗുലേറ്റർ ആലോചിക്കുന്നു.
എങ്കിലും വിപണിയിലെ വിലക്കുറവിനെ തുടർന്ന് ഒരു സാധാരണ ഗാർഹിക ഊർജ ബിൽ ഒക്ടോബറിൽ പ്രതിവർഷം £240 കുറഞ്ഞ് പ്രതിവർഷം £1,834 ആയി. എന്നാൽ, £89 കുറഞ്ഞു എന്നത് ഉപഭോക്താവ് നൽകുന്ന വിലയിലെ ഒരു യഥാർത്ഥ ഇടിവല്ല, മറിച്ച് സാധാരണ ഗ്യാസിന്റെ പുതിയ മൊത്തവിലക്കുറവിന്റെ ഫലമാണ്. വീട്ടുകാർ ഉപയോഗിക്കുന്ന വൈദ്യുതി വിലയിലെ കുറവ് സർക്കാർ നീക്കിയില്ലാരുന്നെങ്കിൽ ആകെ എനർജി നിരക്കിലെ കുറവ് പ്രതിവർഷം 151 പൗണ്ടാകുമായിരുന്നു.
കഴിഞ്ഞ ശൈത്യകാലത്ത്, മൊത്തത്തിലുള്ള എനർജി നിരക്ക് ഉയർന്നതായിരുന്നു, ഗവൺമെന്റിന്റെ എനർജി നിരക്ക് ഗ്യാരണ്ടി സാധാരണ കുടുംബ ബില്ല് £2,500 ആയി പരിമിതപ്പെടുത്തി. ഈ തീരുമാനം ഇല്ലായിരുന്നുവെങ്കിൽ വർദ്ധനവ് വലുതാകുമായിരുന്നു. കഴിഞ്ഞവർഷം ഓരോ കുടുംബത്തിനും ആറ് മാസത്തിനുള്ളിൽ 400 പൗണ്ട് സർക്കാർ സഹായം ലഭിച്ചു, എന്നാൽ ഈ വർഷം സർക്കാർ തത്തുല്യമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല