സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ട് ബ്രസീല്‍-അര്‍ജന്റീന മത്സരത്തിന് മുമ്പുണ്ടായ സംഘർഷത്തിൽ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ബ്രസീലിനൊപ്പം അര്‍ജന്റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകൾ. മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പാണ് അർജന്റീനൻ ആരാധർക്കെതിരെ ബ്രസീൽ താരങ്ങൾ ആക്രമണം നടത്തിയത്.
പിന്നാലെ ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്റീന ടീം ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നാലെ അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന് വേണ്ടത്ര സുരക്ഷയൊരുക്കാത്തതിനാണ് ബ്രസീൽ ഫുട്ബോൾ നടപടി നേരിടാൻ സാധ്യത. ബ്രസീലിന്റെ ഹോം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കുക, പിഴ വിധിക്കുക, ബ്രസീൽ ടീമിന്റെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ബ്രസീൽ ഫുട്ബോളിനെ കാത്തിരിക്കുന്നത്.
ആരാധകര്‍ ആക്രമണം നടത്തിയതും അർജന്റീന ടീം മത്സരം വൈകിപ്പിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതുമാണ് അര്‍ജന്റീനൻ ടീമിനെതിരെ ഉയരുന്ന ആരോപണങ്ങൾ. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട ബ്രസീൽ യോഗ്യതാ റൗണ്ട് കടക്കാൻ വെല്ലുവിളി നേരിടുകയാണ്. ഇതിനിടെ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ബ്രസീലിന് കടുത്ത വെല്ലുവിളിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല