സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ, ഫാമിലി റെസിഡന്‍ഷ്യല്‍ താമസസ്ഥലങ്ങളില്‍ ബാച്ച്‌ലര്‍മാരെ താമസിപ്പിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി ബാച്ച്‌ലര്‍മാരുടെ താമസം നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമിതി അറിയിച്ചു. ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദമാക്കി സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടു.
മുനിസിപ്പല്‍ മന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളിലായി 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വദേശികള്‍ താമസിക്കുന്ന പാര്‍പ്പിട മേഖലകളില്‍ പ്രവാസി ബാച്ച്‌ലര്‍മാരെ താമസിപ്പിക്കരുതെന്നാണ് നിയമം. ഇത്തരം മേഖലകളില്‍ നിന്ന് കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂര്‍ണമായി ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആറു മാസം നീണ്ടുനില്‍ക്കുന്ന പരിശോധനാ കാംപയിന്‍ കഴിഞ്ഞ ജൂണിലാണ് ആരംഭിച്ചത്.
റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ച്‌ലര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്രമായ സംരംഭം കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് പ്രഖ്യാപിച്ചത്. 1,150 വീടുകള്‍ നിയമംലംഘിച്ച് ബാച്ചലര്‍മാര്‍ ഉപയോഗിക്കുന്നതായി മുനിസിപ്പാലിറ്റി കണ്ടെത്തിയെന്നും അന്ന് സൗദ് അല്‍ ദബ്ബൂസ് വെളിപ്പെടുത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ പരിശോധനാ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയുമുണ്ടായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സമിതി ഖൈത്താന്‍ മേഖലയിലാണ് വിപുലമായ പരിശോധന കാമ്പയിന് തുടക്കം കുറിച്ചിരുന്നത്.
ആറുമാസം നീണ്ടുനില്‍ക്കുന്ന പരിശോധനാ കാംപയിനില്‍ കുടുംബമേഖലകളിലെ വീടുകള്‍ നിരീക്ഷിക്കാനും പുതിയ പരാതികള്‍ പരിശോധിക്കാനുമായിരുന്നു നിര്‍ദേശം. കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നീതിന്യായ മന്ത്രാലയവുമായി മുനിസിപ്പാലിറ്റി വിഭാഗത്തെ നേരിട്ട് ബന്ധിപ്പിക്കുകയുണ്ടായി. തത്സമയ അപ്ഡേറ്റുകള്‍ നല്‍കാന്‍ പ്രാപ്തമാക്കുന്നതിനാണിത്.
സ്വകാര്യ ഭവനങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരുടെ പ്രശ്നം പരിഹരിക്കുന്നതിന് മുനിസിപ്പല്‍, കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഫഹദ് അല്‍ ഷൂല നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, മാന്‍ പവര്‍, പബ്ലിക് അതോറിറ്റി ഫോര്‍ എന്‍വയോണ്‍മെന്റ് ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതി നിയമലംഘനങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്നായിരുന്നു നിര്‍ദേശം. വൈദ്യുതി വിച്ഛേദിക്കുക, നിയമലംഘനങ്ങള്‍ ഒഴിവാക്കുക, നിയമലംഘന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല