1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2023

സ്വന്തം ലേഖകൻ: അബുദാബിയിൽ ഇനി മദ്യത്തിന് ക്യൂ നില്‍ക്കേണ്ട. യുഎഇയിലെ പുതിയ ആല്‍ക്കഹോള്‍ ഡെലിവറി ആപ്പായ സിറ്റിഡ്രിങ്ക്സ് അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറ്റിഡ്രിങ്ക്സ് സ്ഥാപകനും ഉടമയുമായ ഡൊമിനിക് സിമുറ അറിയിച്ചു.

രണ്ട് സുപ്രധാന ലൈസന്‍സുകള്‍ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. ഇതിലൂടെ മദ്യവ്യാപാര രംഗത്തെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുമെന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാനും വീട്ടില്‍ തന്നെ എത്തിച്ചുനല്‍കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റ് ഗവണ്‍മെന്റിന്റെ, പ്രത്യേകിച്ച് സാംസ്‌കാരിക-ടൂറിസം വകുപ്പിന്റെ (ഡിസിടി അബുദാബി) കാര്യക്ഷമതയും പിന്തുണയുമാണ് ലക്ഷ്യസാക്ഷാത്കാരത്തിന് സഹായിച്ചതെന്നും ഡൊമിനിക് സിമുറ വ്യക്തമാക്കി.

ഒരു ബട്ടണില്‍ സ്പര്‍ശിക്കുന്നതിലൂടെ ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയുടെ വിശാലമായ ശ്രേണിയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമായിരിക്കും. സിറ്റിഡ്രിങ്ക്‌സിന് ഇറക്കുമതി, വിതരണ ലൈസന്‍സ് ലഭിച്ചതിനാല്‍ വൈവിധ്യമാര്‍ന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യാന്‍ കമ്പനിക്ക് സാധിക്കുമെന്നും നിയന്ത്രണങ്ങളെല്ലാം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബിയില്‍ 21 വയസ്സിന് മുകളിലുള്ള ആര്‍ക്കും ഡെലിവറി ആപ്പിലൂടെ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം നിയമപരമായി വാങ്ങുന്നതിന് ലൈസന്‍സ് ആവശ്യമില്ല. ഉപഭോക്താക്കള്‍ ഐഡി, യുഎഇ പാസ് പരിശോധനാ സംവിധാനത്തിലൂടെ കടന്നുപോകണമെന്നു മാത്രം. 21 വയസ്സിന് മുകളിലാണെന്ന് തെളിയിക്കുന്ന ഐഡി പരമാവധി രണ്ട് മിനിറ്റിനുള്ളില്‍ ആപ്പ് പരിശോധിക്കും. ഇത് ഒറ്റത്തണ മതിയാവും.

സിറ്റിഡ്രിങ്ക്സിന്റെ ഡെലിവറി എക്സിക്യൂട്ടീവുകളാണ് മദ്യം നേരിട്ടെത്തിക്കുക. ഡെലിവറി സമയത്ത് ഐഡി പരിശോധിക്കും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും ഡാറ്റ എന്‍ക്രിപ്ഷനിലൂടെ ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമാണിതെന്ന് സിമുറ വിശദീകരിച്ചു.

യാസ് ഐലന്‍ഡ്, ഖലീഫ സിറ്റി പ്രദേശങ്ങളിലെ അബുദാബി നിവാസികള്‍ക്ക് ഓര്‍ഡര്‍ ചെയ്താല്‍ ഉടന്‍ മദ്യം നല്‍കുന്ന എക്‌സ്പ്രസ് ഡെലിവറി സേവനമാണ് ലഭിക്കുക. അബുദാബി ഡൗണ്‍ടൗണ്‍ നിവാസികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡെലിവറി ഓപ്ഷനിലൂടെ രണ്ട് മണിക്കൂറിനുള്ളില്‍ ഏത് ഉത്പന്നങ്ങളും വിതരണം ചെയ്യുമെന്നും സിമുറ പറഞ്ഞു. ഡിസംബര്‍ പകുതിയോടെയാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുക.

ആവശ്യക്കാര്‍ കൂടുതലുള്ള ദുബായ് എമിറേറ്റിസിന് പകരം അബുദാബി തെരഞ്ഞെടുക്കാനുള്ള കാരണവവും അദ്ദേഹം വ്യക്തമാക്കി. അബുദാബിയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും പ്രദേശിക സര്‍ക്കാരിന്റെ പിന്തുണയും ബിസിനസ് ശക്തിപ്പെടുത്താന്‍ വളക്കൂറുള്ള മണ്ണ് പ്രദാനം ചെയ്തു. മറ്റ് എമിറേറ്റുകളിലേക്കും മദ്യവ്യാപാരം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്ന് സിമുറ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.