സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ സിൽകാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 15 ദിവസമാകുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നാലെ യന്ത്രസഹായത്തോടെയല്ലാതെ കുഴിക്കുന്നതിന് ഇന്ത്യൻ സൈന്യവും ട്രെഞ്ച്ലെസ്സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, തുരങ്കത്തിന്റെ മേൽ ഭാഗത്തുനിന്നുള്ള ഡ്രില്ലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തകരാറിലായിക്കിടക്കുന്ന ഓഗർ യന്ത്രത്തിന്റെ കേടായ ഭാഗങ്ങൾ സാങ്കേതിക വിദഗ്ദർ ആദ്യം നീക്കംചെയ്യും. ഇതിനായി ഒരു ദിവസം മുഴുവൻ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. മനുഷ്യാധ്വാനം ഉപയോഗിച്ച് തുരക്കേണ്ടിവന്നാൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ചിലപ്പോൾ ഒരുമാസത്തോളം വേണ്ടിവരുമെന്ന് അധികൃതർ സൂചന നൽകിയിരുന്നു. ക്രിസ്മസിന് മുൻപായി തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് തുരങ്കനിർമാണ വിദഗ്ധൻ അർനോൾഡ് ഡിക്സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രവർത്തനം തടസ്സപ്പെടുംമുൻപ് ഓഗർ യന്ത്രം 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിങ് നടത്തിയിരുന്നു. പിന്നാലെ ഇരുമ്പുപാളികളിൽ തട്ടി പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു. തടസ്സങ്ങൾ നീക്കിയാലുടൻ തിരശ്ചീനമായ ഡ്രില്ലിങ് തുടരും. ഇതിനായാണ് സൈന്യത്തിന്‍റെ സേവനം ആവശ്യംവരുന്നത്.
തിരശ്ചീനമായ ഡ്രില്ലിങ് 60 മീറ്റർ പൂർത്തിയാക്കിയാൽ തൊഴിലാളികളുടെ അടുത്തെത്താം. എന്നാൽ, ലംബമായ ഡ്രില്ലിങ്ങിന് 82 മീറ്റർ തുരക്കണം. മുകളിൽനിന്നുള്ള ഡ്രില്ലിങ് പൂർത്തിയാക്കാൻ വൈകുമെന്നും ദൗത്യത്തിന് നേതൃത്വം നൽകുന്ന തുരങ്കനിർമാണ വിദഗ്ധൻ അർനോൾഡ് ഡിക്സ് പറഞ്ഞു.
തൊഴിലാളികളുമായി സംസാരിക്കാൻ തുരങ്കത്തിൽ ലാൻഡ് ലൈൻ സംവിധാനം ഏർപ്പെടുത്തിയെന്ന് ബി.എസ്.എൻ.എൽ. വ്യക്തമാക്കി. തൊഴിലാളികൾക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാം. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണുകൾ ഭക്ഷണം എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള കുഴലുകൾ വഴിയാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചത്. തുരങ്കത്തിൽനിന്ന് 200 മീറ്റർ അകലെ ഇതിനാവശ്യമായ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിൽ സ്ഥാപിച്ച എൻഡോസ്കോപിക് ക്യാമറയും വാക്കിടോക്കികളും വഴിയാണ് ഇപ്പോൾ തൊഴിലാളികളുമായി സംസാരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല